ഉറക്കം വിമാനത്താവളങ്ങളിൽ, ടാക്സി തുക ലാഭിക്കാൻ സൈക്കിളിൽ, ജോലിയും ഉപേക്ഷിച്ച അച്ഛൻ; മകനെ മാമന്നനാക്കിയ ‘രജനീകാന്ത്’
Mail This Article
ചെന്നൈ തേനാംപേട്ടിലെ പോയസ് ഗാർഡൻസ് എന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഗ്ലാമറുള്ള മേൽവിലാസത്തിൽനിന്ന് രണ്ടര കിലോമീറ്ററേയുള്ളൂ സെമ്മൊഴി പൂങ്ക എന്നറിയപ്പെടുന്ന ബോട്ടാണിക്കൽ ഗാർഡനിലേക്ക്. അതിനടുത്തുള്ള ഹോട്ടൽ ഹയാത്ത് റീജൻസിയിലേക്കു പതിനൊന്നു വർഷം മുൻപൊരു ഉച്ചയ്ക്ക്, അച്ഛന്റെ കൈപിടിച്ച്, ഒരു ഏഴു വയസ്സുകാരൻ വന്നു– വിശ്വനാഥൻ ആനന്ദും മാഗ്നസ് കാൾസനുമായി നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ് കാണാൻ. ഇരിപ്പിടം കിട്ടാതെ, കളിക്കാരെയും കാണികളെയും വേർതിരിക്കുന്ന ചില്ലുമറയ്ക്കകലെ, പിന്നിൽനിന്ന് ആ കുട്ടി മധുരപലഹാരം കണ്ട കുട്ടിയെപ്പോലെ ചില്ലുകൂട്ടിലെ ചെസ് നുണഞ്ഞു. ‘വിശ്വം ജയിച്ചവൻ’ എന്നർഥമുള്ള ഗുകേഷ് എന്നായിരുന്നു അവന്റെ പേര്. തമിഴകത്തിന്റെ ഒരേയൊരു സൂപ്പർ സ്റ്റാറിന്റെ പേരു തന്നെയായിരുന്നു ആ അച്ഛനും–രജനീകാന്ത്. പതിനൊന്നു വർഷം കഴിഞ്ഞു പോയി. ആ അച്ഛൻ മകനെയും കൊണ്ടു വീണ്ടുമൊരു യാത്ര പോയി, സിംഗപ്പൂരിലേക്ക്. ആഡംബരങ്ങളുടെയും സാഹസിക വിനോദങ്ങളുടെയും വേദിയായ സെന്റോസ റിസോർട്സ് വേൾഡിലെ ഇക്വാരിയസ് ഹോട്ടലിലെ ലോക ചെസ് ചാംപ്യൻഷിപ് വേദി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈകുന്നേരത്തെ മഴയിലും ശീതീകരണ സംവിധാനങ്ങളാൽ ക്രമപ്പെടുത്തിയ 18 ഡിഗ്രി താപനിലയിലും മനസ്സുരുക്കുന്ന ഉഷ്ണം പേറി രണ്ടുപേർ ആ ചില്ലുകൂട്ടിൽ ഉണ്ടായിരുന്നു. പതിന്നാലു സംവത്സരം പോലെ തോന്നിച്ച 14 ദിനങ്ങൾ.