എച്ച്എംപി വൈറസ് ‘കുതിക്കാൻ’ കാരണമുണ്ട്? ‘ഒരു മാസത്തെ കണക്കെടുത്താൽ ഇന്ത്യയിലെ അവസ്ഥ അറിയാം’: വാക്സീൻ ഉണ്ടോ?
Mail This Article
കോവിഡ് നമ്മെയെല്ലാം വിറപ്പിച്ച് വീട്ടിലിരുത്തിയതിന്റെ വാർഷികനാളുകളിലൂടെയാണ് ലോകം കടന്നുപോകുന്നത്. അതിനിടയിൽത്തന്നെ ആ വാർത്തയുമെത്തി. ചൈനയിൽ ‘പുതിയൊരു’ വൈറസ് പിടിമുറുക്കുന്നു. പേര് എച്ച്എംപിവി വൈറസ് അഥവാ ഹ്യൂമൻ മെറ്റന്യൂമോ വൈറസ്. എന്നാൽ യഥാർഥത്തിൽ ഇതൊരു പുതിയ വൈറസാണോ? ആരോഗ്യ വിദഗ്ധർക്ക് ഇതു സംബന്ധിച്ച് എന്താണു പറയാനുള്ളത്? ചൈനയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. എന്നാൽ കോവിഡ് സംബന്ധിച്ച വിവരങ്ങൾ പോലും രഹസ്യാത്മകമായി സൂക്ഷിച്ച ചൈനയിൽനിന്ന് എച്ച്എംപിവിയുടെ കാര്യത്തിലും കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുക ബുദ്ധിമുട്ടായിരിക്കുമെന്നത് വ്യക്തം. അതിനിടെ കർണാടകയിലെ ബംഗളൂരുവിൽ ഒരു കുഞ്ഞിന് എച്ച്എംപിവി ബാധിച്ച വാർത്തയുമെത്തിയിരിക്കുന്നു. ഇന്ത്യ ആശങ്കപ്പെടേണ്ട നിമിഷങ്ങളിലേക്കാണോ പോകുന്നത്? കോവിഡ് ദുരന്തത്തിനു ശേഷം ആരോഗ്യകാര്യത്തിൽ പൊതുജനത്തിന് വലിയ ആശങ്കയാണ്. അതിലേക്കാണ്, ചൈനയിലെ ആശുപത്രികളും ക്ലിനിക്കുകളും രോഗികളെകൊണ്ട് നിറയാൻ തുടങ്ങിയിരിക്കുന്ന എന്ന റിപ്പോർട്ടുകൾ വന്നത്. അടിയന്തര സാഹചര്യം നേരിടാൻ ജാഗ്രതയോടെ തയാറെടുക്കണമെന്ന് ജനങ്ങളോട് ചൈനീസ് സർക്കാർ ഉത്തരവിട്ടെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ കൂടി വന്നതോടെ ആശങ്കയേറി. എന്നാൽ ഇത്തരം റിപ്പോർട്ടുകളിൽ പലതും അടിസ്ഥാനരഹിതമായിരുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി. എന്തുകൊണ്ടാണ് എച്ച്എംപിവി വൈറസ് വാർത്തകളിൽ നിറയുന്നത്?