ഭൂമിക്കടിയിൽ 7 ലക്ഷം കോടിയുടെ ‘ചൈനീസ് നിധി’, കിട്ടും 1000 ടൺ; സ്വർണവില കുത്തനെ ഇടിയും, ഡോളർ തകരും? ചൈന ഇനി ‘ഗോൾഡൻ കിങ്’
Mail This Article
2024 നവംബര്‍ ആറിനാണ് അടുത്ത യുഎസ് പ്രസിഡന്റായുള്ള ഡോണൾഡ് ട്രംപിന്റെ ജയം ആധികാരികമായി ഉറപ്പിക്കപ്പെട്ടത്. സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ ഒപ്പം വന്നതോടെ ട്രംപിന്റെ ജയവും അനായാസമായി. അതോടെ നെഞ്ചിടിച്ച രാജ്യങ്ങളിലൊന്ന് ചൈനയാണ്. ട്രംപ് നേരത്തേ അധികാരത്തിലിരിക്കെ ചൈന നേരിട്ട ഉപരോധങ്ങളും നിയന്ത്രണങ്ങളുമെല്ലാം അത്രയേറെയായിരുന്നു. രാജ്യാന്തരവിപണിയിലെ പ്രതിസന്ധിയായാണ് ട്രംപിന്റെ വരവിനെ ചൈന കണ്ടതും. എന്നാൽ നവംബർ 21ന് നടത്തിയ ഒരു പ്രഖ്യാപനം ചൈനയുടെ ഈ നെഞ്ചിടിപ്പിനെയെല്ലാം തള്ളിക്കളയാൻ പോന്നതായിരുന്നു. ലോകത്തെ ഏറ്റവും വലിയ ‘നിധി’ ശേഖരം കണ്ടെത്തിയെന്നായിരുന്നു ആ ചൈനീസ് പ്രഖ്യാപനം. അതിന്റെ പ്രതിഫലനമാകട്ടെ നിമിഷങ്ങൾക്കകമാണ് രാജ്യാന്തര വിപണിയിലും പ്രകടമായത്. വടക്കു കിഴക്കൻ ചൈനയുടെ ഭാഗമായ ഹുനാൻ പ്രവിശ്യയിലാണ് ചൈനയുടെ ഭാവി തന്നെ മാറ്റിമറിച്ചേക്കാവുന്ന, എതിരാളികളുടെ ഉറക്കംകെടുത്താൻ പോന്ന വൻ സ്വർണ ശേഖരം കണ്ടെത്തിയത്. വർഷങ്ങളായി ഭൂമിക്കടിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഈ നിധി ചൈനീസ് സർക്കാരിന് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. ലോകത്ത് ഇനിയെന്ത് സംഭവിച്ചാലും ഈ നിധി ശേഖരം ചൈനയെ സുരക്ഷിതമാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്. രാജ്യാന്തര വിപണികളെല്ലാം ചൈനയുടെ ഈ പ്രഖ്യാപനത്തെയും തുടർന്നുള്ള നീക്കങ്ങളും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്താണ് ചൈനയുടെ ഭാവിതന്നെ മാറ്റിമറിക്കാൻ പോകുന്ന ഈ നിധിശേഖരം? ഇത് കുഴിച്ചെടുക്കാൻ എന്തൊക്കെ പദ്ധതികളാണ് ചൈന ആസൂത്രണം ചെയ്യുന്നത്? രാജ്യാന്തര തലത്തിൽ ഇതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഡോളറിനും ചൈനീസ് യുവാനും സംഭവിക്കാൻ പോകുന്നതെന്താണ്? ചൈന ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമോ? പരിശോധിക്കാം.