നാഗർകോവിലിൽനിന്ന് സ്വർണം കലർന്ന ആഭരണം; നടിക്ക് മാത്രമല്ല; മന്ത്രി അറിയുന്നുണ്ടോ ‘10 മിനിറ്റ്’ നൃത്തത്തിലെ ഈ ചെലവുകൾ?
Mail This Article
‘‘സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളർന്നു വന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ 10 മിനിറ്റ് ദൈർഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അവർ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്’’. കലോത്സവം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ ഈ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. നൃത്തം പഠിപ്പിക്കാൻ ഇത്രയും പണം വേണമെന്നും വേണ്ടായെന്നും അഭിപ്രായങ്ങൾ ഉയർന്നു. വെറും 10 മിനിറ്റല്ലേ എന്നാണ് മന്ത്രി ചോദിച്ചത്. 10 മിനിറ്റിനെന്താ വിലയില്ലേ എന്നാണ് നൃത്തപരിശീലകർ തിരിച്ചു ചോദിക്കുന്നത്. അവർക്കത് ചോദിക്കാനുള്ള അവകാശമുണ്ട്. കാരണം കലോത്സവത്തിലെ സുപ്രധാന മത്സര ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയവയ്ക്കെല്ലാം 10 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. ആ 10 മിനിറ്റിൽ കഴിവു മാത്രമല്ല കാശും ഏറെ ഇറക്കിയാൽ മാത്രമേ മികച്ച ഗ്രേഡ് കയ്യിലെത്തുകയുള്ളൂ. സുന്ദരിയായി അണിഞ്ഞൊരുങ്ങി വേദിയിലെത്താൻ ഓരോ വിദ്യാർഥിയും എത്ര രൂപയാണ് മുടക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ പണം മാതാപിതാക്കളും സ്കൂളുകളും എങ്ങനെയാണ് കണ്ടെത്തുന്നതെന്നും? യഥാർഥത്തിൽ ഒരു നർത്തകിക്ക് സ്കൂള്‍ കലോത്സവത്തിനു വേണ്ടി ചെലവാക്കേണ്ടി വരുന്നത് എത്ര രൂപയാണ്? തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലൂയൊന്നു നടന്നാൽ കിട്ടും അതിന്റെ ഉത്തരം. എവിടെയും പണത്തിന്റെ കണക്കുകളാണ്. നൃത്ത വേദികളിൽ വാരിയെറിയുന്ന ആ പണത്തിന്റെ യഥാർഥ കണക്കെന്താണ്?