തിരക്കഥാകൃത്തിന്റെ നോവൽ: രണ്ടാമൂഴം എഴുതുമ്പോൾ എംടി സ്വപ്നം കണ്ടിരുന്നോ അതൊരു സിനിമയാകണമെന്ന്?
Mail This Article
‘രണ്ടാമൂഴം’ എന്ന നോവലിന്റെ പരിചരണത്തില്‍ ആത്മനിഷ്ഠത അഥവാ ഫസ്റ്റ് പേഴ്സന്‍ നറേറ്റീവാണ് എം.ടി. വാസുദേവൻനായർ സ്വീകരിച്ചിട്ടുളളത്. നോവലിസ്റ്റിന് ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ മാത്രമേ കഥയെ നോക്കിക്കാണാനാവൂ. ഇതര കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളോ കഥ പറയുന്ന ആള് ഭാഗഭാക്കല്ലാത്ത ഇടങ്ങളോ സംഭവങ്ങളോ പ്രതിപാദിക്കുന്നതിലും പരിമിതികളുണ്ട്. കഥനത്തിന് ആത്മനിഷ്ഠമായ ശൈലി സ്വീകരിച്ചതിന് പിന്നിലെ കാരണം സുവ്യക്തമാണ്. ഭീമന്റെ ധര്‍മസങ്കടങ്ങളുടെ കഥയാണല്ലോ ആത്യന്തികമായി പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ദശാസന്ധികളെക്കുറിച്ചും നിസ്സഹായതയെക്കുറിച്ചും വിധിവൈപരീത്യങ്ങളെക്കുറിച്ചും കഥാനായകന് തന്നെ നേരിട്ടു വന്ന് കഥനം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന വൈകാരികതയും അത് അനുവാചകനില്‍ സൃഷ്ടിക്കാവുന്ന ആഘാതവും അനുപമമാണ്. എഴുത്തുകാരന്റെ ഇടപെടലുകള്‍ക്കും വാചാടോപങ്ങള്‍ക്കും ഇവിടെ പ്രസക്തിയില്ല. വായനക്കാരന്റെ അനുഭവതലത്തെ തീവ്രമായും ആഴത്തിലും സ്പര്‍ശിക്കാന്‍ ആത്മനിഷ്ഠാകഥനം വഴി അനായാസം സാധിച്ചു എന്നിടത്താണ് എംടിയുടെ തിരഞ്ഞെടുപ്പിന്റെ ഔചിത്യം പ്രകടമാവുന്നത്. മുന്കൃതികളിലൊന്നിലും അദ്ദേഹം ഇത്തരമൊരു സമീപനം സ്വീകരിച്ച് കണ്ടിട്ടില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഒരു പ്രത്യേക കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെ കഥ പറയുക, അയാളുടെ വൈയക്തികാനുഭവങ്ങളും വൈകാരികമണ്ഡലവും അനാവരണം ചെയ്യുന്നതോടൊപ്പം അയാള്‍ കാണുന്ന കാഴ്ചകളും അയാളുടെ കാഴ്ചപ്പാടില്‍ ഉരുത്തിരിയുന്ന സംഭവങ്ങളും സഹചരരും അടങ്ങുന്ന കഥാലോകം എന്ന സങ്കല്‍പ്പം തന്നെ നോവലിന് ചാരുത വര്‍ധിപ്പിക്കുന്നു.