‘വിഡ്ഢിദിന’ത്തിൽ ജനനം, ബുദ്ധിയും മികവും മുഖമുദ്ര; കേസ് അന്വേഷണത്തിലെ സിബിഐ ഡയറിക്കുറിപ്പ്
Mail This Article
‘‘സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല’’ ഓർമയുണ്ടോ ഈ പഞ്ച് ഡയലോഗ്? ഒരു സിബിഐ ഡയറിക്കുറിപ്പിൽ ഇൻസ്പെക്ടർ വിക്രം എന്ന കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റേതാണ് മലയാളി പലവട്ടം പിന്നീട് പറഞ്ഞ ഈ ഡയലോഗ്. എങ്ങനെ മറക്കും. അങ്ങ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്ന സിബിഐയെ മലയാളിക്ക് പരിചയപ്പെടുത്തിയത് സിബിഐ ഡയറിക്കുറിപ്പല്ലേ. ജഗതിയുടെ ഒറ്റ ഡയലോഗിൽ എല്ലാവർക്കും മനസ്സിലായത് ഒരു കാര്യമാണ്. സിബിഐ എന്നാൽ വെറും പൊലീസുകാരല്ല, കുറച്ചു കൂടുതൽ ബുദ്ധിയുള്ള പൊലീസുകാരുടെ സംഘമാണ്. അതു കൊണ്ടാണല്ലോ കേരള പൊലീസ് തോൽക്കുന്നിടത്ത് സിബിഐ ജയിക്കുന്നത്. പക്ഷേ സിബിഐ സെൻട്രൽ ബ്യൂറോ ഓഫ് ‘ഇഡിയറ്റ്സ്’ അല്ലെന്നു പറയുന്ന സമയത്ത് ജഗതിയോ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്എൻ സ്വാമിയോ ഒരു കാര്യം ഓർത്തു കാണുമോ. 60 വർഷം മുൻപ് സിബിഐ രൂപീകരിച്ചത് ഏപ്രിൽ ഒന്നിനാണെന്നത്! അതായത് വിഡ്ഢിദിനത്തിൽ. വിഡ്ഢി ദിനത്തിൽ ജനിച്ചതുകൊണ്ട് ഒരു കുഴപ്പവും സിബിഐക്ക് ഉണ്ടായില്ല. വിഡ്ഢി ദിനത്തിൽ ജനിച്ച് പ്രശസ്തരായവരെപ്പോലെ സിബിഐയും പ്രശസ്തിയിലെത്തി. ഇന്ത്യയിലെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയായി. സിബിഐയുടെ പിറവിയും വിഡ്ഢിദിനവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു ഗന്ധവുമില്ല. എന്നാൽ സിബിഐയുടെ ചരിത്രം കുറ്റാന്വേഷണ രംഗത്ത് ഏവർക്കും ഒരു പാഠപുസ്തകമാണ്. ഇത് സിബിഐയെക്കുറിച്ചുള്ള ഒരു ഡയറിക്കുറിപ്പാണ്.