രൂപംമാറി ബോട്ടുകളുടെ യാത്ര, ‘ലൈഫ്’ രക്ഷിക്കാത്ത ജാക്കറ്റുകൾ; കമ്മിഷൻ മാത്രം മതിയോ? തിരുത്തലാകുമോ താനൂർ?
Mail This Article
പുതുവർഷ പുലരിയിൽ ഫോർട്ട് കൊച്ചിയിൽ തടിച്ചുകൂടിയ ആളുകളില്‍ ഭൂരിഭാഗവും വൈപ്പിനില്‍ നിന്നുമുള്ള ഫെറി സർവീസിലൂടെയാണ് എത്തിയത്. ആഴമേറിയ കപ്പൽ ചാലുകളിലൂടെയുള്ള ഫെറിയുടെ സഞ്ചാരം അങ്ങേയറ്റം അപകടരമാണ്. ഈ പാതയില്‍ സർവീസ് നടത്തിയ ഒറ്റ ജങ്കാറിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ സഞ്ചരിച്ചത്. യാത്രക്കാരെ നിയന്ത്രിക്കാൻ മതിയായ ജീവനക്കാർ പോലുമില്ലായിരുന്നു. ജങ്കാറിൽ കയറുന്നതിനായി ആളുകൾ തിക്കും തിരക്കും കൂട്ടിയതിനിടയിൽ രണ്ട് പെൺകുട്ടികൾ കായലിൽ വീണെങ്കിലും അവരെ നാട്ടുകാർ രക്ഷപ്പെടുത്തി. വലിയ ജനക്കൂട്ടം ഉണ്ടാകും എന്ന് ഉറപ്പായും പ്രതീക്ഷിക്കേണ്ടയിടത്താണ് ഭരണകൂടം കണ്ണടച്ചത്. ജീവൻ കയ്യിൽ പിടിച്ച് നൂറുകണക്കിന് ആളുകളുമായി തിങ്ങിനിറഞ്ഞ ജങ്കാർ പലതവണ സർവീസ് നടത്തിയെങ്കിലും നിയന്ത്രിക്കാൻ അധികാരികൾ എത്താതിരുന്ന ഇവിടെയാണ് ഭാഗ്യം എന്ന വാക്കിന് പ്രസക്തി വർധിക്കുന്നത്. എല്ലായിടത്തും ഈ ഭാഗ്യം യാത്രക്കാരെ തുണയ്ക്കാൻ എത്തണമെന്നില്ല. അവിടെയാണ് കഴിഞ്ഞ ദിവസം താനൂരിലുണ്ടായ പോലെയുള്ള അപകടങ്ങൾ സംഭവിക്കുന്നത്.