''മുഖ്യമന്ത്രിക്കെന്തിനാ ഇത്രയും അകമ്പടി, ഞങ്ങളുടെ സാറിന്റെ കൂടെ എല്ലാരും ഒറ്റ വണ്ടിയിലായിരുന്നു..''
Mail This Article
ഇതൊരു പുതുപ്പള്ളിക്കാരന്റെ കുറിപ്പാണ്. ഉമ്മൻചാണ്ടിയെന്ന ഇതിഹാസത്തെ ദൂരെനിന്നു മാത്രം കാണുകയും വളരെ ചുരുക്കം സമയങ്ങളിൽ അടുത്തറിയുകയും ചെയ്തൊരാളുടെ ഒാർമ. ഇത്തരം ഒരായിരം ഒാർമകൾ പുതുപ്പള്ളിയിലുള്ള പലർക്കും പറയാനുണ്ടാകും. ‘സാറിന്റെ’ വിയോഗം അറിഞ്ഞതു മുതൽ അദ്ദേഹത്തെയോർത്ത് ഉള്ളുലഞ്ഞ് നിശ്ശബ്ദരായിരിക്കുന്ന അവർക്കു വേണ്ടി കൂടിയാണ് ഇതെഴുതുന്നത്. തിരുവനന്തപുരത്തുനിന്നു തുടങ്ങി, പല നാടുകൾ കടന്ന് പുതുപ്പള്ളിയുടെ മണ്ണിലേക്ക് ഉമ്മൻ ചാണ്ടിയെത്തുമ്പോള്‍ ഓർമകൾകൊണ്ടൊരു സ്വാഗതംപറച്ചിൽ. ഉമ്മൻചാണ്ടി ഒരിക്കലെങ്കിലും ചെല്ലാത്ത ഒരു വീട് പുതുപ്പള്ളിയിൽ കാണുമോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. പക്ഷേ അദ്ദേഹം കടന്നു ചെല്ലാത്ത ഒരു മനസ്സും പുതുപ്പള്ളിയിൽ കാണില്ല എന്നു തറപ്പിച്ചു പറയാം. ഏതെങ്കിലും വിധത്തിൽ തന്റെ പ്രവൃത്തികൊണ്ട് അദ്ദേഹം സ്പർശിക്കാത്ത ഒരു ജീവിതവും പുതുപ്പള്ളിയിലില്ല. ജനനായകനെന്നൊക്കെ അലങ്കാരത്തിന് പലരും വിളിക്കുന്നുണ്ടെങ്കിലും ജനക്കൂട്ടത്തിലൊരാളാകാനാണ് അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നത്.