അന്ന് സമിതി പറഞ്ഞു, ഇക്കാര്യം ചെയ്യൂ ചന്ദ്രയാൻ 3 വിജയിക്കും; ലാൻഡിങ്ങിലെ ഐഎസ്ആർഒ ‘മാജിക്’
Mail This Article
ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ ‘ഇന്റർസ്റ്റെല്ലാർ’ എന്ന സയൻസ് ഫിക്‌ഷൻ ചിത്രത്തിന്റെ ബജറ്റ് 1370 കോടി രൂപയായിരുന്നു. അതിനേക്കാൾ 400 കോടി രൂപ കുറവായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ബജറ്റ്– 970 കോടി രൂപ. എന്നാൽ ഇന്റർസ്റ്റെല്ലാറിനേക്കാൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളായിരുന്നു ഇത്രയും ‘കുറഞ്ഞ ബജറ്റി’ലൊരുക്കിയ ചാന്ദ്രചലച്ചിത്രത്തിലൂടെ ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ലോകത്തിനു സമ്മാനിച്ചത്. 2023 ജൂലൈ 14ന് ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന നിമിഷം മുതൽ ചന്ദ്രയാൻ 3 പേടകത്തിനൊപ്പം സഞ്ചരിക്കാൻ തുടങ്ങിയതാണ് 140 കോടി ഇന്ത്യക്കാരുടെ സ്വപ്നം. ഓരോ ബഹിരാകാശ ദൂരവും പിന്നിടുമ്പോഴും ആ സ്വപ്നം പ്രാർഥനയിലേക്കും പിന്നെ പ്രതീക്ഷയിലേക്കും വഴിമാറി. ഒടുവിൽ അതുതന്നെ സംഭവിച്ചു– ഓഗസ്റ്റ് 23ന് വൈകിട്ട് 6.03 ന് ചന്ദ്രനിൽനിന്ന് ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെ മിഷൻ ഓപറേഷൻസ് കോംപ്ലക്സിലേക്ക് ചന്ദ്രയാൻ 3 പേടകം ലാൻഡ് ചെയ്തതിന്റെ സിഗ്നല്‍ എത്തി. ചന്ദ്രനിലെ ഏറ്റവും ‘അപകടകരമായ’ പ്രദേശമായ ദക്ഷിണധ്രുവത്തിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. ആ നിമിഷത്തിന്റെ ധന്യതയിൽ ഐഎസ്ആർഒ ട്വീറ്റ് ചെയ്തു- ‘ചന്ദ്രയാൻ 3 എന്ന ഞാൻ എന്റെ ലക്ഷ്യത്തിലെത്തി, നിങ്ങളും’. ഇന്ത്യയിലെ 140 കോടി ജനതയുടെ നെഞ്ചിൽ അഭിമാനത്തിന്റെ ചന്ദ്രോത്സവം ആരംഭിച്ച നിമിഷം.