7897 കോടിയുടെ സ്വത്ത്, മസ്ക് പിന്തുണച്ച മലയാളി; വിവേകിൽ തീരുന്നില്ല പാലക്കാടൻ പെരുമ
Mail This Article
അടുത്ത യുഎസ് പ്രസിഡന്റ് പാലക്കാട്ടുക്കാരൻ ആകുമോ? യുഎസ് ജനതയെപ്പോലെ മലയാളികളും ആകാംക്ഷാപൂർവമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്. പാലക്കാട് വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറിലെ തറവാട്ടു വീട്ടിൽ അവധി ആഘോഷിക്കാൻ യുഎസിൽനിന്ന് വന്നിരുന്ന വിവേകിനെ ഇപ്പോഴും ബന്ധുക്കളെപ്പോലെതന്നെ നാട്ടുകാർക്കും ഓർമയുണ്ട്. എന്നാൽ പയ്യൻ വളർന്ന് യുഎസിൽ ബിസിനസുകാരനായി എന്നറിഞ്ഞപ്പോഴും പ്രത്യേകിച്ച് അദ്ഭുതമൊന്നും ആർക്കും തോന്നിയില്ല. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി ഒരു മലയാളി ബിസിനസുകാരൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത വന്നതോടെയാണ് വിവേകിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവേകിനെപ്പോലെത്തന്നെ ശക്തമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി വമ്പൻ രാജ്യാന്തര കമ്പനികളുടെ തലപ്പത്ത് എത്തിയ പലരുടെയും കുടുംബവേരുകൾ പാലക്കാട് ജില്ലയിലുണ്ട്.