ഫോണിൽ നിങ്ങളെ വിളിച്ചത് ‘ചൈനീസ് സൈബർ ആർമി’ അംഗം! കൊല്ലത്തെ ഒരു കോടി ചൈനയിലെ 10 ബാങ്കിൽ; കളിപ്പാട്ടത്തിലും ചൈനീസ് ചിപ്!
Mail This Article
ഏതാനും ദിവസം മുൻപ് ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്ത് തിരക്കിട്ട ആലോചനകൾ നടക്കുകയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും സൈബർ ഓപറേഷൻസ് വിഭാഗത്തിന്റെ തലവൻമാരുടെ ഉൾപ്പെടെ യോഗം ചേർന്നു. എല്ലാ സംസ്ഥാനങ്ങളിൽനിന്നുമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ പ്രവർത്തന രീതി ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കാൻ പോന്ന ഒരു കണ്ടെത്തലും നടന്നു. തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണം ചെന്നു നിൽക്കുന്നത് ചൈനയുടെ അതിർത്തിയിൽ. അതോടെ അന്വേഷണ സംഘം കുഴങ്ങി. കാരണം ലളിതം. അതിർത്തിക്കപ്പുറത്ത്, ചൈനയിൽ കയറിയുളള അന്വേഷണം സാധ്യമല്ല. സൈബർ ലോകത്തെ ചൈനയുടെ ഇടപെടലുകൾ ഇതാദ്യമല്ല. ചൈന നടത്തുന്നത് സാധാരണ തട്ടിപ്പുമല്ല. ഒരു തരം സൈബർ യുദ്ധംതന്നെ. അത് ഇന്ത്യയ്ക്കെതിരെ മാത്രമാണോ? അല്ലെന്നാണ് പൊലീസ് സേനകളുടെ വിലയിരുത്തൽ. ചൈന എല്ലാ രാജ്യത്തിനെതിരെയും ഇൗ ആക്രമണം നടത്തുന്നു. ലോകത്തെ മിക്ക രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ തട്ടിച്ചെത്തുന്ന പണം ചൈനയിലേക്കെത്തുന്നു. ഈ വിവരം കൈമാറിയത് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളാണ്.