‘പ്രേതനഗരം’ വിട്ടോടി ജനം; അർമീനിയൻ ‘നാറ്റോ സ്നേഹ’ത്തിന് പുട്ടിന്റെ പകവീട്ടൽ; നഗോർണോ- കരാബാക്ക് വീണ്ടും അസർബൈജാന് ‘സ്വന്തം’
Mail This Article
2023 സെപ്റ്റംബറിലെ ആദ്യ ആഴ്ച. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാനും കരിങ്കടൽ തീരത്തുള്ള സോച്ചിയിലെ റിസോർട്ടിൽ ഒരു കൂടിക്കാഴ്ച നടത്തി. ഇതിന് രണ്ടാഴ്ചകൾക്കു ശേഷം നാല് അസർബൈജാൻ സൈനികരും ഏതാനും സാധാരണക്കാരും ലാൻഡ്മൈൻ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടു. ഏറെ ചർച്ചയായ നഗോർണോ-കരാബാകുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇത്. ദുബായിയുടെ വലുപ്പമുള്ള ഈ മലമ്പ്രദേശം ഭരിക്കുന്ന അർമീനിയൻ വംശജരായ വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് അസർബൈജാൻ ആരോപിച്ചു. മണിക്കൂറുകൾക്കുള്ളിൽ അസർബൈജാൻ പടനീക്കമാരംഭിക്കുകയും ചെയ്തു. കരാബാക് മേഖലയിൽ അസർബൈജാന്റെ ബോംബുകൾ വീണു. അർമീനിയൻ സൈന്യം ഇടപെട്ടില്ല. നഗോർണോ-കരാബാക് എന്ന, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തർക്ക പ്രദേശവും കഴിഞ്ഞ മൂന്നു ദശകത്തിലധികമായി അനേകായിരം പേരുടെ ജീവനെടുത്ത നിരന്തര ഏറ്റുമുട്ടലുകൾക്ക് വേദിയുമായ പ്രദേശം അസർബൈജാന്റെ അധീനതയിലായി. റഷ്യയുടെ മധ്യസ്ഥതയിൽ വിഘടനവാദികൾ ആയുധംവച്ച് കീഴടങ്ങി. 80 ശതമാനത്തോളം അർമീനിയൻ വംശജരുള്ള ഇവിടുത്തെ 1.20 ലക്ഷം ജനസംഖ്യയിൽ ഭൂരിഭാഗം പേരും അർമീനിയയിലേക്ക് പലായനം ചെയ്തു. എന്താണ് ഈ യൂറേഷ്യൻ-പശ്ചിമേഷ്യൻ പ്രദേശത്ത് നടക്കുന്ന സംഘർഷം? റഷ്യയ്ക്കും പാശ്ചാത്യ രാജ്യങ്ങൾക്കും എന്താണ് ഇവിടുത്തെ പോരാട്ടത്തിൽ പങ്ക്?