ഈ ഉദ്യോഗസ്ഥനെ മന്ത്രിമാർ ഭയക്കുന്നു! ഒഡീഷയുടെ ‘സൂപ്പർ മുഖ്യമന്ത്രി’; പാണ്ഡ്യനാണോ പട്നായിക്കിന്റെ പിൻഗാമി?
Mail This Article
നവീൻ പട്നായിക്കിലേക്കുള്ള വഴിയാണ് വി. കാർത്തികേയൻ പാണ്ഡ്യൻ എന്ന വി.കെ. പാണ്ഡ്യൻ. അതിനി മന്ത്രിമാരോ ഉദ്യോഗസ്ഥരോ സ്വന്തം പാർട്ടി നേതാക്കളോ വ്യവസായികളോ ആകട്ടെ. മുഖ്യമന്ത്രിയെ കാണണമെങ്കിൽ പ്രൈവറ്റ് സെക്രട്ടറി വഴി വേണം. 12 കൊല്ലമായി ഈ തമിഴ്നാട് സ്വദേശി പട്നായിക്കിന്റെ കൂടെ കൂടിയിട്ട്. മുഖ്യമന്ത്രിയുടെ കണ്ണും കാതുമാണ് അദ്ദേഹം. അധികാരക്കസേരയിൽ പട്നായിക് ഉണ്ടന്നേ ഉള്ളൂ, ഭരണനടത്തിപ്പിന്റെ ചക്രം പാണ്ഡ്യന്റെ കയ്യിലാണെന്ന് ശത്രുക്കളും ചുരുക്കം പാർട്ടിക്കാരും പറയും. നവീൻ പട്നായിക്കിന്റെ പ്രതിപുരുഷൻ എന്നാണ് ഈ 2000 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഓഫിസർ അറിയപ്പെടുന്നത്. പാണ്ഡ്യൻ അധികാരദുർവിനിയോഗം നടത്തുന്നു എന്ന ആരോപണമുള്ളവരിൽ പ്രതിപക്ഷം മാത്രമല്ല, പട്‌നായിക്കിന്റെ പാർട്ടിയായ ബിജെഡിയിലെ ഒരു വിഭാഗവും ഉണ്ട്. ഇതിനിടെയാണ് പാണ്ഡ്യൻ കഴിഞ്ഞ ദിവസം സിവിൽ സർവീസിൽ നിന്ന് വിരമിച്ചത്. വിരമിക്കലിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിന്റെ പിറ്റേന്ന് കാബിനറ്റ് പദവിയോടെ ‘5 ടി’, ‘നബിൻ ഒഡീഷ’ എന്നീ രണ്ട് സുപ്രധാന പദ്ധതികളുടെ ചെയർമാനായി പാണ്ഡ്യനെ നിയമിച്ചു. അതോടെ അടുത്ത ചോദ്യം ഉയര്‍ന്നു. ബിജെഡിയിൽ കാര്യമായ രണ്ടാം നിര നേതൃത്വമില്ല. അവിവാഹിതനായ നവീൻ പട്നായിക്കിന്റെ കാലശേഷം ആര് എന്ന ചോദ്യത്തിനും ഉത്തരമില്ല. എന്നാൽ ഇപ്പോള്‍ എവിടെയും ഉയർന്നുനിൽക്കുന്ന പേര് പാണ്ഡ്യന്റേതാണ്.