ആറളം വെടിവയ്പ്: സ്പെഷൽ ബ്രാഞ്ച് അന്നേ മുന്നറിയിപ്പ് നൽകി; മാവോയിസ്റ്റ് വേട്ട അസാധാരണ നടപടികളിലേക്ക്?
Mail This Article
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. 2023 സെപ്റ്റംബർ 28ന് കമ്പമലയിൽ പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് സംഘം വനംവികസന കോർപറേഷന്റെ ഓഫിസ് അടിച്ചു തകർത്തു. വീടുകളിൽ കയറി ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചു മടങ്ങി. ഇതിനും ഏതാനും മാസം മുൻപാണ് കണ്ണൂർ കേളകം രാമച്ചി കോളനിയിലെ എടാൻ കേളനെന്ന വ്യക്തിയുടെ വീട്ടിൽ രണ്ടംഗ സായുധ സംഘം എത്തി രണ്ടു മണിക്കൂറോളം നിന്ന് മൊബൈൽ ചാർജ് ചെയ്തു പോയത്. ഒളിഞ്ഞും തെളിഞ്ഞും പലപ്പോഴായി മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞ സ്ഥലം കൂടിയായിരുന്നു കേരളം–കർണാടകം അതിർത്തിയിലെ ഈ പ്രദേശം. ഇവിടെയുള്ള ആറളം വന്യജീവി സങ്കേതത്തിലാണ് ഒക്ടോബർ 30ന് ഉച്ചയോടെ മാവോയിസ്റ്റുകൾ വനപാലക സംഘത്തിനു നേർക്ക് വെടിയുതിർത്തത്. സങ്കേതത്തിലെ നായാട്ടു വിരുദ്ധ സ്ക്വാഡിനുള്ള ഭക്ഷ്യവസ്തുക്കളുമായി പോകുകയായിരുന്ന മൂന്നു വാച്ചർമാരെ കണ്ടപ്പോഴായിരുന്നു വെടിവയ്പ്. വനം വാച്ചർമാരുടെ സംഘം തിരിഞ്ഞോടുന്നതിനിടെയായിരുന്നു വെടിവയ്പ്. ആർക്കും പരുക്കില്ല. മേഖലയിൽ സജീവമായ മാവോയിസ്റ്റ് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണു വെടിവച്ചതെന്നു സംശയിക്കുന്നതായി വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.