‘പറഞ്ഞുപറ്റിച്ചതിന്’ കിട്ടിയ മുന്നറിയിപ്പ്; ഭാരത് വേണ്ട ‘ഹോംഗ്രൗണ്ട്’ മതി; മൂന്നാം ‘മാന്ത്രിക’ ജയം പ്രതീക്ഷിച്ച് കെസിആർ
Mail This Article
ഹാട്രിക് അടിക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് ഭാരത് രാഷ്ട്ര സമിതി എന്ന ബിആർഎസ്. നേരത്തേ തെലങ്കാന രാഷ്ട്ര സമിതി ആയിരുന്ന പാർട്ടി ദേശീയ മോഹം ഉദിച്ചതോടെയാണു പേരു മാറ്റിയത്. എന്നാൽ കഴിഞ്ഞ രണ്ടു തവണയും ഉണ്ടായിരുന്ന ആത്മവിശ്വാസത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 10 വർഷം നീണ്ട ഭരണം ജനങ്ങളെ മടുപ്പിച്ചു തുടങ്ങിയിരിക്കുന്നതായി ചില സർവേഫലങ്ങളും ‘മുന്നറിയിപ്പ്’ നൽകുന്നു. അതുകൊണ്ട് തൽക്കാലം ദേശീയ മോഹങ്ങൾക്ക് അവധി കൊടുത്ത് തെലങ്കാന നിലനിർത്താൻ കഴിയുമോ എന്ന ശ്രമത്തിലാണ് ബിആർഎസും ആ പാർട്ടിയുടെ തലവനും നിലവിലെ മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖര റാവുവും. 2018ൽ വിജയിച്ച 88 എംഎൽഎമാരിൽ 76 പേരെയും ഇത്തവണ ബിആർഎസ് അണിനിരത്തിയിട്ടുണ്ട്. അതും വിജയിച്ച അതേ മണ്ഡലത്തിൽത്തന്നെ. തങ്ങൾക്ക് ആ എംഎൽഎമാരിലുള്ള ഉറപ്പ് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്ന് ബിആർഎസ് നേതാക്കളും അവകാശപ്പെടുന്നു. നേരത്തേ ഗജ്‍വേൽ മണ്ഡലത്തിൽ മാത്രം മത്സരിച്ച കെസിആർ എന്നറിയപ്പെടുന്ന ബിആർഎസ് തലവൻ ഇത്തവണ കാമറെഡ്ഡി മണ്ഡലത്തിലും മത്സരിക്കുന്നു. ഇത് പരാജയപ്പെടുമെന്ന പേടി കൊണ്ടാണെന്ന് എതിരാളികൾ പറയുമ്പോൾ, ജനങ്ങളെ പ്രതിനിധീകരിക്കാനാണെന്ന് കെസിആറും പറയുന്നു.