ആ കടക്കാരനു തോന്നിയ സംശയം പൊലീസിനു തോന്നിയില്ല! മാർട്ടിൻ ‘ബോംബ്’ പൊട്ടിച്ചത് എൻഐഎയ്ക്കു മുന്നിൽ!
Mail This Article
ഞായറാഴ്ചകളിൽ അൽപം ആലസ്യത്തോടെയാണ് കൊച്ചി നഗരം ഉണരുക. എന്നാൽ ആ ഞായറാഴ്ച കൊച്ചി തിരക്കിലേക്കാണ് ഉണർന്നത്. കാരണം അന്നായിരുന്നു രാവിലെ ‘സ്പൈസ്കോസ്റ്റ്’ കൊച്ചി മാരത്തൺ. മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നു പുലർച്ചെ മൂന്നര മുതൽ മാരത്തൺ ഓട്ടം. ഫ്ലാഗ് ഓഫ് ചെയ്യുന്നതു സച്ചിൻ തെൻഡുൽക്കർ. മാരത്തണിനു വേണ്ടി ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. എംജി റോഡിൽനിന്നു മഹാരാജാസ് കോളജ് ഗ്രൗണ്ടിലേക്കു പല വഴികളുണ്ട്. ചർച്ച് ലാൻഡിങ് റോഡ്, വാരിയം റോഡ്, ദർബാർ ഹാൾ റോഡ്, ഹോസ്പിറ്റൽ റോഡ് എന്നിവയിലെല്ലാം ഗതാഗതം തടഞ്ഞിരിക്കുന്നു പ്രധാനപ്പെട്ട പരിപാടികൾ നടക്കുമ്പോൾ ഗതാഗത നിയന്ത്രണങ്ങളുണ്ടാകുക സ്വാഭാവികം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ വൻ പൊലീസ് സന്നാഹവും മഹാരാജാസ് കോളജിലുണ്ടായിരുന്നു. പതിനായിരത്തോളം പേർ ഒത്തു ചേരുന്ന ഒരു സ്ഥലം, സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരു വിവിഐപി പങ്കെടുക്കുന്ന പരിപാടി. സുരക്ഷയുടെ കാര്യത്തിൽ ഒരു വീഴ്ചയും പാടില്ലെന്ന കാര്യത്തിൽ സംശയം ഒട്ടുമില്ല. അതേ സമയം കൊച്ചിയിൽ മറ്റൊരിടത്ത് തികച്ചും അപ്രതീക്ഷിതമായ ചില പദ്ധതികൾ ഒരുങ്ങുന്നുണ്ടായിരുന്നു. അന്ന്, ഒക്ടോബർ 29ന്, പുലർച്ചെ 4.55ന് ഡൊമിനിക് മാർട്ടിൽ തമ്മനത്തെ വീട്ടിൽനിന്നിറങ്ങി. ദേശീയ പാതയിലൂടെ യാത്ര. 5.40നു സ്കൂട്ടറിൽ അത്താണിയിലെ തറവാട്ടു വീട്ടിലെത്തി.