അന്ന് ‘കോബ്ര’യുടെ ‘കടിയേറ്റത്’ 11 എംപിമാർക്ക്; മഹുവ വീണത് സ്വയം കുഴിച്ച കുഴിയിൽ; ഒടുവിൽ കിട്ടി ‘സമ്മാനം’?
Mail This Article
ലോക്സഭാംഗത്വം റദ്ദാക്കണമെന്ന കടുത്ത നടപടിക്ക് ലോക്സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തെന്ന റിപ്പോർട്ട് വന്നതോടെ മഹുവ മൊയ്ത്രയുടെ രാഷ്ട്രീയ ഭാവിയിൽ ഇരുൾ വീഴുകയാണ്. റദ്ദാക്കപ്പെട്ടാൽ മറ്റൊരു നിയമ പോരാട്ടത്തിന്റെ തുടക്കവുമാവും അത്. പഴത്തൊലിയിൽ ചവിട്ടി വീണെന്ന പഴഞ്ചൊല്ലു പോലെ, സ്വയം കുഴിച്ച കുഴിയിലാണ് മഹുവ വീണത്. ആ വീഴ്ച കാത്തിരുന്നവർക്ക് സന്തോഷിക്കാനുള്ള അവസരവുമായി. ശിക്ഷിക്കപ്പെടുന്നതോടെ തിരഞ്ഞെടുപ്പു പോരാട്ടങ്ങളിൽനിന്ന് മഹുവയ്ക്കു മാറി നിൽക്കേണ്ടിയും വരും. കോടതി വ്യവഹാരത്തിലേക്ക് നീങ്ങിയാലും സഭയുടെ നടപടികളിൽ ഇടപെടാനാവില്ലെന്ന നിലപാട് സുപ്രീം കോടതി സ്വീകരിച്ച ചരിത്രമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റേത്. എന്തൊക്കെ വാദം നിരത്തിയാലും പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പ്രതിഫലം പറ്റുന്നത് ഇന്ത്യൻ ജനാധിപത്യത്തിൽ അക്ഷന്തവ്യമായ കുറ്റമാണ്. അത്തരക്കാരെ വച്ചു പൊറുപ്പിച്ച ചരിത്രം നമ്മുടെ ജനാധിപത്യത്തിനില്ല. മഹുവയ്ക്കെതിരെ നടപടി വരികയാണെങ്കില്‍ ഒരിക്കൽക്കൂടി ‘ചോദ്യത്തിന് കോഴ’ വിവാദം ഇന്ത്യൻ ജനാധിപത്യത്തിന്റെ തല കുനിപ്പിക്കും. മഹുവ യുടെ മേൽ നടപടി ശുപാർശ ചെയ്തെങ്കിലും ആരോപിക്കുന്ന കുറ്റം ശരിയാണോ എന്ന് പരിശോധിച്ച് അന്തിമ നടപടി സ്വീകരിക്കേണ്ടത് ലോക്സഭയാണ്. എന്നാൽ, ലോക്സഭയിലെ മഹുവയുടെ രീതികളും ഭരണപക്ഷത്തിനോടുള്ള സമീപനവും അവർക്ക് അനുകൂലമായ നടപടിക്കുള്ള സാധ്യത തള്ളുകയാണ്.