തലച്ചോറിനെയും ബാധിക്കുന്ന 'ഗ്യാസ് ചേംബർ' ജീവിതം; ശ്വാസം തേടി നാടു വിടുന്നവർ: എന്നു മാറും ഡൽഹിയുടെ 'പ്രദോഷൻ'!
Mail This Article
ബ്രിട്ടിഷ് ഭരണ കാലത്ത് ഡൽഹിക്കു പുറമേ ഹിമാചൽ പ്രദേശിലെ ഷിംലയായിരുന്നു ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം. ഡൽഹിയിൽ ചൂടു കൂടുമ്പോൾ വൈസ്രോയിയും മറ്റ് ഭരണാധികാരികളും ഷിംലയിലേക്ക് പോകും. ഷിംലയാണ് പിന്നെ ഭരണ സിരാകേന്ദ്രം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ വേനൽക്കാല തലസ്ഥാനം എന്ന സ്ഥാനം ഷിംലയ്ക്ക് നഷ്ടമായി. എന്നാൽ അടുത്ത കാലത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ ഷിംലയിലേക്ക് പോകുന്ന ഡൽഹി നിവാസികളുടെ എണ്ണം കൂടുകയാണ്. ഷിംല മാത്രമല്ല ഡെറാഡൂണ്‍, നൈനിറ്റാൾ, മസൂറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഡൽഹി നിവാസികള്‍ യാത്ര ചെയ്യുന്നു. ചൂടിൽ നിന്ന് രക്ഷപ്പെടാനല്ല ഈ യാത്ര. ശുദ്ധ വായു ശ്വസിക്കാനാണ് മികച്ച സാമ്പത്തിക സ്ഥിതിയുള്ളവർ ഡിസംബറിൽ ഡൽഹി വിടുന്നത്. ഡൽഹിയിലെ വായു നിലവാരം ഈ മാസങ്ങളിൽ മോശമാകുന്നതാണ് കാരണം. നവംബർ അവസാനത്തോടെയോ ഡിസംബറിന്റെ ആരംഭത്തിലോ ആണ് മുൻ വർഷങ്ങളിൽ ഡൽഹി കടുത്ത വായു മലിനീകരണത്തിൽ ശ്വാസം മുട്ടുന്നത്. എന്നാൽ, ഈ വർഷം നവംബറിന്റെ തുടക്കംതന്നെ തലസ്ഥാനത്തെ അന്തരീക്ഷം പുകമഞ്ഞു തിങ്ങി മൂടിക്കെട്ടി. ഒരാഴ്ചയോളം വായുമലിനീകരണം എല്ലാ പരിധികളും വിട്ട് നഗരത്തെ അക്ഷരാർഥത്തിൽ ഗ്യാസ് ചേംബറാക്കി മാറ്റി. വായു മലിനീകരണം മൂലം സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകി. ഇതിനിടെ ഭൂകമ്പം വന്നതോടെ ജനങ്ങൾക്ക് വീട്ടിൽ ഇരിക്കാനും കഴിയാതെയായി. വീടിന് അകത്ത് ഭൂകമ്പവും പുറത്തു വായുമലിനീകരണവും. അങ്ങനെയിരിക്കെ നവംബർ 11 ന് ഒരു പകൽ മുഴുവൻ നീണ്ട മഴ പെയ്തു. തുടർച്ചയായ 7 ദിവസം മങ്ങിക്കിടന്നിരുന്ന കാഴ്ചകൾ ഡൽഹി നിവാസികൾക്കു മുന്നിൽ തെളിഞ്ഞു. പൊടിയും പുകയും കഴുകിയിറങ്ങി അന്തരീക്ഷം പാടേ തെളിഞ്ഞു.