കപ്പടിച്ചില്ലെങ്കിലും ഇന്ത്യയ്ക്ക് കോളടിച്ചു; ‘ക്രിക്കറ്റ് മാനിയ’യിൽ നേട്ടം കോടികൾ; കാണികൾ കണ്ടത് മത്സരം മാത്രമല്ല
Mail This Article
കപ്പ് ഇന്ത്യയ്ക്കു നഷ്ടമായെങ്കിലും ഏകദിന ക്രിക്കറ്റ് ലോകകപ്പ് രാജ്യത്തെ ബിസിനസ് മേഖലയ്ക്കു നൽകിയത് മികച്ച ഉണർവ്. ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലത്തോടനുബന്ധിച്ചുതന്നെ ക്രിക്കറ്റ് ലോകകപ്പ് എത്തിയതോടെ ഇന്ത്യൻ സാമ്പത്തിക രംഗം അക്ഷരാർഥത്തിൽ ആഘോഷിക്കുകയായിരുന്നു. അതിന്റെ പ്രതിഫലനം വിപണിയിലും തെളിഞ്ഞു. കോവിഡിനു ശേഷം ടൂറിസം, വ്യോമയാനം, ഹോട്ടൽ വ്യവസായ രംഗങ്ങൾ ഏറെ പ്രതീക്ഷയോടെ ലോകകപ്പിനെ കാത്തിരുന്നതും വെറുതെയായില്ല. ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നടന്ന ജി20 ഉച്ചകോടിക്കു തൊട്ടുപിന്നാലെ എത്തിയ ക്രിക്കറ്റ് നൽകിയത് ഇരട്ടി ഊർജം. ലോകകപ്പിലെ 48 മാച്ചുകളും നടന്നത് ഇന്ത്യയിൽ മാത്രമായതും വലിയ നേട്ടത്തിന് അവസരമൊരുക്കി. 2011ൽ ഇന്ത്യയ്ക്കൊപ്പം ശ്രീലങ്കയിലും ബംഗ്ലദേശിലും വേദികളുണ്ടായിരുന്നു. 2023ൽ ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഹൈദരാബാദ്, അഹമ്മദാബാദ്, ധർമശാല, ഡൽഹി, ചെന്നൈ, ലക്നൗ, പുണെ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലായി നടന്ന മത്സരങ്ങൾ കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആളുകൾ ഒഴുകിയെത്തിയത്. പ്രതീക്ഷിച്ചത് 25 ലക്ഷത്തോളം കാണികളെ. മത്സരങ്ങൾ കാണാനെത്തിയവർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തത് ടൂറിസത്തിനുൾപ്പെടെ വൻ നേട്ടമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.