നിങ്ങളുടെ അക്കൗണ്ടിൽ പണം കിട്ടും, പിന്നാലെ ‘പണി’യും; ഒരു ‘യെസ്’ മതി സമ്പാദിച്ചതെല്ലാം ആവിയാകാൻ...
Mail This Article
'Hello, I am the HR manager of ******. Are you still looking for a job?' കഴിഞ്ഞ ഒരു വർഷത്തിനിടെ ഏതെങ്കിലുമൊരു അജ്ഞാത നമ്പറിൽനിന്ന് ഇതുപോലൊരു വാട്സാപ് മെസേജ് നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ? ലഭിച്ചിട്ടും, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായിട്ടില്ലെങ്കിൽ ഒരു ദീർഘനിശ്വാസമാകാം... ഇനി തുടർന്നുവായിക്കുക. ഒറ്റനോട്ടത്തിൽ ഒരു കുഴപ്പവുമില്ല. തൊഴിലില്ലായ്മയുള്ള നാട്ടിൽ തൊഴിൽ വേണോയെന്നു ചോദിച്ചൊരാൾ മെസേജ് അയച്ചാൽ പത്തിൽ 6 പേരെങ്കിലുമൊന്നു നോക്കും. തട്ടിപ്പാണോയെന്നു സംശയമുണ്ടായാൽ പോലും കൗതുകത്തിനൊരു 'യെസ്' അയച്ചേക്കും. എന്നാൽ കളി കാര്യമാകുന്നത് നിങ്ങൾ പോലുമറിയില്ല. ജോലി വളരെ സിംപിളാണ്, ഗൂഗിൾ മാപ്പിൽ ഹോട്ടലുകൾക്ക് മികച്ച റേറ്റിങ്ങും റിവ്യൂവും നൽകുക. അല്ലെങ്കിൽ യുട്യൂബിലെ വിഡിയോ ലൈക്ക് ചെയ്യുക. കോടിക്കണക്കിനു രൂപ ഇന്ത്യയിൽനിന്ന് തട്ടിയെടുക്കുന്ന 'ടെലഗ്രാം പ്രീപെയ്ഡ് ടാസ്ക്' എന്ന ന്യൂജെൻ തട്ടിപ്പിലേക്കുള്ള കവാടമാണ് ഈ മെസേജ്. മറ്റ് സൈബർ തട്ടിപ്പുകളിലെപ്പോലെയല്ല, ബാങ്ക് അക്കൗണ്ട് വഴി ട്രാക്ക് ചെയ്തുപോയാൽ പോലും യഥാർഥ തട്ടിപ്പുകാരനിലേക്ക് എത്താനാവില്ല. അമ്പലപ്പുഴയിൽ എംബിബിഎസ് വിദ്യാർഥിക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ തട്ടിപ്പിലൂടെ നഷ്ടമായത് 1.31 ലക്ഷം രൂപയാണ്. മാസങ്ങൾക്കു മുൻപ്, വിതുര സ്വദേശിയും വിദേശത്ത് അധ്യാപകനുമായ വ്യക്തിക്ക് നഷ്ടമായത് 1.16 ലക്ഷം രൂപ! വാട്സാപ്പിൽ തുടങ്ങി ടെലഗ്രാമിലെത്തി, അതുവഴി ക്രിപ്റ്റോയിലേക്കും പടരുന്ന അതിസങ്കീർണമായ തട്ടിപ്പിൽ ദിവസവും കുരുങ്ങുന്നത് നൂറുകണക്കിനാളുകളാണ്.