ബിജെപി ഉന്നതങ്ങളിലേക്ക് അതിവേഗം; മഹുവയുടെ വഴിമുടക്കുമോ ദുബെ? കൂട്ടിന് വ്യാജബിരുദ വിവാദം മുതൽ ഐഎഎസ് തർക്കം വരെ
Mail This Article
2023 ഓഗസ്റ്റിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ഭരണപക്ഷത്തിനു വേണ്ടി ആദ്യം സംസാരിച്ചത് താരതമ്യേന ജൂനിയറായ നിഷികാന്ത് ദുബെ എന്ന എംപി ആയിരുന്നു. ദുബെ തന്റെ റോൾ ഭംഗിയായി നിർവഹിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നേർക്കുള്ള വ്യക്തി അധിക്ഷേപം മുതൽ ‘ഇന്ത്യ’ മുന്നണിയിലെ പടലപിണക്കങ്ങൾ വരെ നീണ്ടു ആ പ്രസംഗം. മാധ്യമങ്ങളിലെല്ലാം നിറഞ്ഞത് ദുബെ പ്രതിപക്ഷത്തുള്ള പ്രധാന നേതാക്കൾക്കെതിരെ നടത്തിയ ആരോപണങ്ങളായിരുന്നു. മഹുവ മൊയ്ത്ര എന്ന തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരി എംപിയെ പുറത്താക്കാനുള്ള ശുപാർശ വരെയെത്തിയ പോരാട്ടമാണ് അതിൽ ഒടുവിലത്തേത്. ജാർഖണ്ഡിൽനിന്നുള്ള ഈ രാഷ്്ട്രീയക്കാരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്ന വഴികളിലൊന്നായിരുന്നു പ്രതിപക്ഷ നേതാക്കളെ ആക്രമിക്കുക എന്നത്. കാര്യങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാനുള്ള മിടുക്കു കൂടി ഉണ്ടായതോടെ പാർലമെന്റിനകത്തും പുറത്തും ബിജെപിയുടെ മുന്നണിപ്പോരാളികളിലൊരാളായി ദുബെ മാറി. അതിന്റെ മറ്റൊരു സാക്ഷ്യമായിരുന്നു രാജ്യമാകെ ഉറ്റുനോക്കിക്കൊണ്ടിരുന്ന വനിതാ സംവരണ ബിൽ ലോക്സഭയിൽ വന്നപ്പോൾ ഭരണപക്ഷത്തുനിന്ന് ആദ്യം സംസാരിക്കാൻ ബിജെപി ദുബെയെ നിയോഗിച്ചത്.