തെലങ്കാനയിൽ നിറഞ്ഞ് ‘കർണാടക മോഡൽ’; പ്രചാരണ തന്ത്രം മാറ്റി കെസിആറും മക്കളും; ‘ഫലം’ ചെയ്യുമോ കോൺഗ്രസിന്?
Mail This Article
തെലങ്കാനയിൽ കര്‍ണാടകയ്ക്കെന്താണു കാര്യം? കാര്യമുണ്ടെന്നാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം പറയുന്നത്. നവംബർ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെലങ്കാന മുഴുവൻ ഇപ്പോൾ ചർച്ച കർണാടകയാണ്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) പ്രതിപക്ഷമായ ബിജെപിയും കര്‍ണാടകയെ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ ചേർത്തു പിടിക്കുകയാണ് മറ്റൊരു പ്രതിപക്ഷ പാർട്ടിയായ കോണ്‍ഗ്രസ്. കർണാടകയിൽ തങ്ങളെ വിജയത്തിലെത്തിച്ച പദ്ധതികളെല്ലാം തെലങ്കാനയിലും നടപ്പാക്കും എന്നാണ് കോൺഗ്രസ് വാഗ്ദാനം. എന്നാൽ തിരഞ്ഞെടുപ്പ് വിജയിച്ചിട്ട് ഒരു വാഗ്ദാനവും നടപ്പാക്കാതെ ജനത്തെ പറ്റിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാരെന്ന് മറ്റു രണ്ടു പാർട്ടികളും ആരോപിക്കുന്നു. അതോടെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി കർണാടക. എല്ലാ പാർട്ടികളുടെയും പ്രധാന തിരഞ്ഞെടുപ്പു വിഷയവും ഇതുതന്നെ. എന്തുകൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം തെലങ്കാനയിൽ വലിയ രാഷ്ട്രീയ വിഷയമായി വളർന്നിരിക്കുന്നത്? തെലങ്കാനയിലെ കോൺഗ്രസിന് കർണാടക വോട്ടു കൊണ്ടുവരുമോ അതോ തളർത്തുമോ?