ചുമ മാറാൻ ടൈഫോയ്ഡ് മരുന്ന്! തിരിച്ചുവരുന്ന സാംക്രമിക രോഗങ്ങൾ; ഇനി എത്ര മരുന്നുകൾ കഴിച്ചാലും മാറില്ലേ രോഗം?
Mail This Article
കൊച്ചുകുട്ടികൾക്കു പനിയോ ചുമയോ പോലുള്ള രോഗലക്ഷണങ്ങൾ തുടങ്ങുമ്പോഴേക്കും അച്ഛനമ്മമാർക്ക് ആധിയാണ്. നേരെ അടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്കു പാഞ്ഞ് ഏതെങ്കിലും ആന്റിബയോട്ടിക്കുകൾ വാങ്ങിക്കൊടുത്ത് സ്വയംചികിത്സ നടത്തുന്ന രീതി പതിവായിരിക്കുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ അശാസ്ത്രീയവും അനാവശ്യകരവുമായ ഉപയോഗം കാരണം ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും കുട്ടികളിൽ ആന്റിബയോട്ടിക് ഇപ്പോൾ പഴയപോലെ ഫലിക്കാത്ത അവസ്ഥയിലെത്തിയതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ‘ആന്റിബയോട്ടിക് റസിസ്റ്റൻസ്’ (ആന്റിബയോട്ടിക് പ്രതിരോധം) എന്നാണ് ഈ അവസ്ഥയെ പറയുക. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലാണ് കുട്ടികളിലെ വർധിച്ചുവരുന്ന ആന്റിബയോട്ടിക് പ്രതിരോധം സംബന്ധിച്ച പുതിയ ഗവേഷണം നടന്നത്. ഈ പഠനം പ്രകാരം ന്യൂമോണിയ, സെപ്സിസ്, മെനിഞ്ജൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കു നേരത്തെ കുട്ടികൾക്കു നൽകിവന്ന, ലോകാരോഗ്യ സംഘടന നിർദേശിച്ച പല ആന്റിബയോട്ടിക്കുകൾക്കും ഇപ്പോൾ 50 ശതമാനത്തിൽ താഴെ മാത്രമേ രോഗവിമുക്തി നൽകാൻ കഴിയുന്നുള്ളു എന്നു കണ്ടെത്തിക്കഴിഞ്ഞു. ആന്റിബയോട്ടിക് പ്രതിരോധം കാരണം മരണപ്പെടുന്ന കുട്ടികളുടെ എണ്ണത്തിലും വർധന ഉണ്ടായെന്ന പഠന റിപ്പോർട്ടാണ് ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അറിയാം ആന്റിബയോട്ടിക്കുകളുടെ അപകടഭാവിയെക്കുറിച്ച്...