അവർ പറഞ്ഞു, ഞങ്ങൾ കാത്തിരുന്നോളാം; ഇതാണ് ഉത്തരകാശി നൽകുന്ന ‘ഹിമാലയൻ മുന്നറിയിപ്പ്’! ഈ മണ്ണുമല എങ്ങനെ നീക്കും?
Mail This Article
ഹിമവാന്റെ മാറിലെ ആ ഗുഹയുടെ ഉള്ളിൽ 60 മീറ്റർ നീളത്തിൽ രൂപപ്പെട്ട കൂറ്റൻ മൺഭിത്തി. ആ ഭിത്തി തുരന്നു തുരന്നു പല്ലൊടിഞ്ഞു വീണു പോയ ഓഗർ യന്ത്രം. മൺഭിത്തിയുടെ അങ്ങേത്തലയ്ക്കൽ 41 മനുഷ്യർ. മൺഭിത്തിയുടെ ഇപ്പുറത്ത് രാപകൽ പ്രവർത്തിക്കുന്ന രക്ഷാസംഘം. മണ്ണു തുരക്കുന്നതിനിടയിൽ ഇനിയും മണ്ണിടിയുമെന്ന് താക്കീത് നൽകിയ ഹിമാലയം. രാജ്യം ഇതുവരെ കണ്ട ഏറ്റവും ദുഷ്കരവും സാഹസികവുമായ രക്ഷാദൗത്യത്തിനാണ് ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള സിൽക്യാര തുരങ്കം സാക്ഷ്യംവഹിച്ചത്. 400 മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം സമാനതകളില്ലാത്തതായിരുന്നു. തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ ഇരുന്നൂറോളം രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ രാപ്പകൽ അധ്വാനിച്ചു. ഒടുവിൽ യന്ത്രം തോറ്റിടത്ത് മനുഷ്യൻ വിജയിച്ചപ്പോൾ മൺഭിത്തിക്കപ്പുറം ജീവന്റെ വാതിൽ തുറന്നു. യന്ത്രത്തേക്കാൾ വലുതാണ് മനുഷ്യൻ എന്ന സന്ദേശമാണോ ഉത്തരകാശി നൽകുന്നത്? മാത്രമല്ല ദുരന്ത വേളകളിലെ രക്ഷാദൗത്യത്തിന് സർക്കാർതലത്തിൽ ഏകോപിത സംവിധാനം വേണമെന്ന പാഠവും ദേശീയ ദുരന്തനിവാരണ അതോറിറ്റി നിലവിലുണ്ടെങ്കിലും അതിന്റെ പ്രവർത്തനം ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ടെന്ന താക്കീതും സിൽക്യാര നൽകുന്നുണ്ടോ?