തിരിച്ചടിച്ചോ പുതിയ പാർലമെന്റിലെ ആ ‘10 അടി’ കുറവ്? മെറ്റൽ ഡിറ്റക്ടറിനെ പറ്റിച്ച ‘കളർ സ്മോക് അറിവും’ എവിടെനിന്നു കിട്ടി?
Mail This Article
പഴുതടച്ച സുരക്ഷാ സംവിധാനങ്ങളോടെ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിനു സമർപ്പിച്ചത് 2023 മേയ് മാസത്തിലാണ്; കാലപ്പഴക്കം വന്ന പഴയ കെട്ടിടത്തിൽനിന്ന് മാറി എല്ലാ തരത്തിലും ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ കെട്ടിടം. സന്ദർശകരെ അനുവദിക്കുന്നതിലുൾപ്പെടെ നിയന്ത്രണങ്ങൾ പലതും കടുപ്പിക്കുകയും ചെയ്തു. പക്ഷേ, അതേ പാർലമെന്റ് മന്ദിരത്തിൽ, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ലോക്സഭയുടെ നടുത്തളത്തിലേക്ക് പുകക്കുറ്റികളുമായി രണ്ട് യുവാക്കൾ എടുത്തുചാടി. ആളപായം ഉണ്ടായില്ലെങ്കിലും എല്ലാ സുരക്ഷാ സംവിധാനങ്ങളെയും ഞെട്ടിച്ച് നടന്ന ആ നീക്കം രാജ്യത്തെ, പ്രത്യേകിച്ച് പാർലമെന്റിലെ സുരക്ഷാ സംവിധാനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. ഖലിസ്ഥാൻ ഭീകരവാദി ഗർട്‌വന്തർ സിങ് പന്നുവിന്റെ പാർലമെന്റ് ആക്രമണ ഭീഷണി നിലനിൽക്കുമ്പോൾ തന്നെയായിരുന്നു ഈ സംഭവം ഉണ്ടായത് എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആർക്കും സുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് പാർലമെന്റിൽ കയറാമോ എന്ന ചോദ്യമാണ് ലോക്സഭയിൽ ഉണ്ടായ ഈ കടന്നുകയറ്റം അവശേഷിപ്പിക്കുന്നത്. 2001 ലെ പാർലമെന്റ് ആക്രമണവുമായി ഈ സംഭവത്തിന് എന്താണ് സാമ്യം? പുതിയ പാർലമെന്റിലെ സുരക്ഷാ ക്രമങ്ങൾ എന്താണ്? എങ്ങനെ പുറത്തുനിന്നുള്ള ഒരാൾക്ക് സന്ദർശക ഗാലറിയിൽ എത്താനാകും? സുരക്ഷാ നടപടികളെയെല്ലാം മറികടക്കാൻ സാധാരണക്കാരനായ ഒരാൾക്കു സാധിക്കുമോ? ചോദ്യങ്ങളേറെയാണ്. വിശദമായി പരിശോധിക്കാം.