‘നയം’ പ്രഖ്യാപിക്കാൻ നേരമായി; കേന്ദ്രത്തെ ഉന്നംവച്ച് പിണറായി സര്ക്കാർ; ജനുവരിയിൽ ‘പ്രതികാരം’ ചെയ്യാൻ ഗവർണർ?
Mail This Article
2024 ജനുവരിയിൽ നിയമസഭ വിളിച്ചുചേർക്കാനുള്ള നടപടിക്രമങ്ങളിലേക്കു സർക്കാർ കടക്കാനിരിക്കെയാണു ഗവർണറുമായി തെരുവിലുള്ള ഏറ്റുമുട്ടലിലേക്കു സിപിഎം കടന്നത്. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ മുൻപിലേക്ക് എത്തുമ്പോൾ അദ്ദേഹം എന്തു നിലപാട് സ്വീകരിക്കുമെന്നതിൽ ഇതോടെ ഉദ്വേഗമായി. ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും ഈ അവസരങ്ങൾ സർക്കാരിനെതിരെയുള്ള കണക്കുതീർക്കാൻ ഉപയോഗപ്പെടുത്തുകയെന്ന മാർഗം ആരിഫ് മുഹമ്മദ് ഖാൻ മുൻപു പലവട്ടം സ്വീകരിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ തെരുവിലിറക്കി ഗവർണർക്കെതിരെ സർക്കാർ യുദ്ധ പ്രഖ്യാപനത്തിനു തുനിയുകയും, മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഗൂഢാലോചന ആരോപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ സർക്കാരിനു കാര്യങ്ങൾ എളുപ്പമാകാനിടയില്ല. ജനുവരി മധ്യത്തിൽ 2024ലെ ആദ്യ നിയമസഭാ സമ്മേളനം ചേരാനാണു സർക്കാർ ആലോചിക്കുന്നത്. നവകേരള സദസ്സ് ഡിസംബർ 23നു സമാപിച്ചാൽ, തൊട്ടുപിന്നാലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള നയപ്രഖ്യാപന പ്രസംഗമായതിനാൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തുമെന്നുറപ്പ്. ഇതിനോടു ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നതിലാണ് ആശങ്ക. പ്രസംഗം അംഗീകരിക്കാതെ പിടിച്ചുവയ്ക്കുകയും സർക്കാരുമായി വിലപേശൽ നടത്തുകയും ചെയ്ത കീഴ്‍വഴക്കമുണ്ട്.