ലക്ഷ്യമിട്ടത് ആയിരം കന്യകമാരെ, പിന്നാലെ ഇന്റർപോൾ, ഇന്ത്യയിലും കേന്ദ്രം; ഒടുവിൽ ‘തന്ത്ര ഗുരു’ കുടുങ്ങിയതെങ്ങനെ?
Mail This Article
2023 നവംബർ 28ന് പുലർച്ചെയാണ് റുമേനിയൻ യോഗാ ഗുരു ഗ്രിഗോറിയൻ ബിവോലാരുവിനെയും അദ്ദേഹത്തിന്റെ 40 അനുയായികളെയും ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, സംഘടിത തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. മിസ (മൂവ്‌മെന്റ് ഫോർ സ്പിരിച്വൽ ഇന്റഗ്രേഷൻ ഇൻ ദി അബ്‌സലൂട്ട്) എന്ന പേരിലുള്ള യോഗ സ്‌കൂളിന്റെ സ്ഥാപകനായ ബിവോലാരു നിരവധി സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. ഇന്റര്‍പോൾ അടക്കമുള്ള അന്വേഷണ ഏജൻസികളും വിവിധ രാജ്യങ്ങളിലെ പൊലീസും മനുഷ്യാവകാശ സംഘടനകളും വർഷങ്ങളായി ഈ യോഗാ ഗുരുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. അവസാനം എഴുപത്തിയൊന്നുകാരനായ യോഗാ ഗുരുവിനെയും 40 അനുയായികളെയും അറസ്റ്റ് ചെയ്തതോടെ ഇന്റർപോളിന്റെ ആറു വർഷത്തെ അന്വേഷണത്തിനും പരിസമാപ്തിയായി. മിസ യോഗ സ്കൂളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ നേരത്തേതന്നെ തിരിച്ചറിഞ്ഞ ഫ്രഞ്ച് പൊലീസ് മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ആശ്രമങ്ങളിൽ റെയ്ഡ് നടത്തിയത്. എല്ലാ തെളിവുകളും കൃത്യമായി ശേഖരിച്ചാണ് യോഗാ ഗുരുവിനെ പിടികൂടിയതെന്നു ചുരുക്കം. ആത്മീയ (തന്ത്ര യോഗ) വിഷയങ്ങൾ മുതലെടുത്താണ് സ്ത്രീ അനുയായികളെ ബിവോലാരു നിയന്ത്രിക്കുകയും അവരെ ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നത്. അനുയായികളെ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിച്ചതിനും വിദേശത്തു നിന്നെത്തിയവർ ആശ്രമം വിട്ടുപോകാതിരിക്കാൻ പാസ്‌പോർട്ട് പിടിച്ചുവച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.