തുടക്കം മണിപ്പൂരിലെ കനലിൽനിന്ന്; ജനമനസ്സുകളിൽ ആളിക്കത്തുമോ രാഹുലിന്റെ ഭാരത് ന്യായ് യാത്ര?
Mail This Article
എഐസിസി ആസ്ഥാനത്ത് ഡിസംബർ 21ന് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി അസ്വസ്ഥനായിരുന്നു. പലരും പലതും പറഞ്ഞെങ്കിലും തിരിച്ചു ചോദിക്കാനും പറയാനും ചില ചോദ്യങ്ങൾ രാഹുലിനുണ്ടായിരുന്നു. അഞ്ചിൽ നാലു തിരഞ്ഞെടുപ്പിലെയും തോൽവി നൽകിയ ഭാരം രാഹുലിന്റെ വാക്കുകളിൽ നിറഞ്ഞുനിന്നു. തന്നിഷ്ടപ്രകാരം കാര്യങ്ങൾ നടത്തി തോൽവി ഇരന്നുവാങ്ങിയ മുതിർന്ന നേതാക്കളുടെ നിലപാടിൽ അദ്ദേഹം ക്ഷുഭിതനായി. താഴേത്തട്ടിലുള്ള വോട്ടർമാരുടെ ചിന്താഗതികൾ തിരിച്ചറിയാതെ കാട്ടിയ അമിത ആത്മവിശ്വാസത്തെ ചോദ്യം ചെയ്തു. പാർട്ടിയുടെ യഥാർഥ സ്ഥിതിയെക്കുറിച്ച് നേതാക്കൾ തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വിമർശിച്ചു. ഇതേ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധിക്കു മുന്നിൽ ഒരു നിർദേശം വച്ചു: ‘ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി രാഹുൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പു തുടങ്ങണം’ - രാഹുൽ മറുപടി പറഞ്ഞില്ല. പ്രവർത്തക സമിതി യോഗത്തിൽ സംസാരിച്ച നേതാക്കളും രാഹുൽ തന്റെ യാത്ര തുടങ്ങേണ്ട നേരമായെന്നു തന്നെ അഭിപ്രായപ്പെട്ടു. ഇതിനിടെ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാഹുൽ ദീർഘമായ യാത്ര നടത്തുന്നത് പാർട്ടിയുടെ സ്ഥാനാർഥി നിർണയം മുതൽ പ്രചാരണത്തെ വരെ ബാധിക്കുമെന്ന് പ്രവർത്തക സമിതിയിലെ ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. - അതിനോടും രാഹുൽ പ്രതികരിച്ചില്ല.