രാമക്ഷേത്രം സമ്മാനിച്ചത് ‘പൊന്നുംവില’യുള്ള ഭാഗ്യം; കണ്ണഞ്ചിപ്പിച്ച് അയോധ്യ; തീർഥാടകർക്കായി ‘ഡബിൾ എൻജിൻ’ വികസനം
Mail This Article
1992ൽ ബാബറി മസ്ജിദ് തകർത്ത കേസിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഫുൾ ബെഞ്ചിന്റെ വിധി എത്തിയത് 2019 നവംബർ ഒൻപതിനായിരുന്നു. കോടതി മുറികളിൽ വർഷങ്ങൾ നീണ്ടുനിന്ന വ്യവഹാരങ്ങളുടെ അവസാനം കുറിക്കുന്നതായിരുന്നു ആ വിധി. അതോടെ അയോധ്യയിലെ തർക്കഭൂമി രാമക്ഷേത്രം നിർമിക്കാനായി ട്രസ്റ്റിന് കൈമാറാൻ തീരുമാനമായി. മസ്ജിദ് നിർമിക്കാൻ അയോധ്യയിൽത്തന്നെ പ്രധാനസ്ഥാനത്ത് അഞ്ചേക്കർ ഭൂമി നൽകാനും കോടതി ഉത്തരവിട്ടു. പരമോന്നത കോടതിയുടെ അന്തിമതീർപ്പിൽ തർക്കങ്ങൾ സമാധാനപരമായി അലിഞ്ഞില്ലാതായി. ശേഷമാകട്ടെ, അയോധ്യയിൽ കാലം വലിയ മാറ്റങ്ങൾക്കും സാക്ഷിയായി. 2020 ഓഗസ്റ്റ് അഞ്ചിനാണ് അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനു തുടക്കമിടുന്നത്. അന്നത്തെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു പങ്കെടുത്തു. മൂന്നര വർഷം തികയും മുൻപേ അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായി ജനുവരി 22ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുകയാണ്. അതിവേഗം ക്ഷേത്രം നിർമിക്കുന്നതിലെ രാഷ്ട്രീയ കാരണമായി 2024ലെ പൊതുതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ മുന്നോട്ടു വയ്ക്കുന്ന നേതാക്കൾ പ്രതിപക്ഷത്തുണ്ട്. എന്നാൽ അയോധ്യയിൽ കാണാനാവുന്നത് ‘ഡബിൾ എൻജിൻ’ സർക്കാരുകളുടെ വേഗത്തിന്റെ തെളിവുകളാണെന്നു മറുപക്ഷം പറയുന്നു.