മകളെ അടിച്ചു കൊന്നു, പീഡിപ്പിച്ച് ഇരുട്ടിൽ ഉപേക്ഷിച്ചു, വീടുകിട്ടാതെ അലഞ്ഞു: നീതിക്കായി ഉറച്ചുനിന്നവൾ ബിൽക്കീസ്: ‘എന്റെ കഥ എല്ലാവരും അറിയണം’
Mail This Article
‘‘ഞാനെന്തിന് മുഖം മറയ്ക്കണം? അവരല്ലേ ലജ്ജിക്കേണ്ടത്?’’ ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ ഇതായിരുന്നു ബിൽക്കീസ് ബാനോയുടെ മറുപടി. പീഡനത്തിന് ഇരയായവരുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിന് വിലക്കുണ്ട്. ‘‘ഗർഭിണിയായ എന്നെ പീഡിപ്പിച്ചവരും എന്റെ കുഞ്ഞിനെ കല്ലിൽ അടിച്ചു കൊന്നവരും തലയുയർത്തി നടക്കുമ്പോൾ ഞാൻ മുഖം മറച്ചു നടക്കുക കൂടി ചെയ്യണോ’’ എന്നായിരുന്നു നിരക്ഷരയായ ആ പെൺകുട്ടി വികാരരഹിതയായി ചോദിച്ചത്. ക്രൂര സംഭവം നടന്ന് 10 വർഷത്തിനു ശേഷം വഡോദരയിലെ താൽജദയിൽ വച്ച് കാണുമ്പോൾ ‘‘എന്റെ കഥ എല്ലാവരും അറിയണം’’ എന്നായിരുന്നു ബിൽക്കീസ് ബാനോയ്ക്ക് ആവശ്യപ്പെടാനുണ്ടായിരുന്നത്. മുഖം മറയ്ക്കാതെ, ബിൽക്കീസ് നീതിക്കു വേണ്ടി പോരാടിയപ്പോൾ ഒരു സർക്കാരിനു നഷ്ടമായത് സ്വന്തം മുഖം തന്നെയാണ്. സ്വന്തം മുഖവുമായി ബന്ധപ്പെട്ട് ബിൽക്കീസ് മറ്റൊരു സംഭവം കൂടി പറഞ്ഞു. ഒരിക്കൽ മഹാരാഷ്ട്രയിലെ കോടതിയിലേക്ക് ഭർത്താവ് യാക്കൂബിനൊപ്പം ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു. മറ്റൊരു സ്റ്റേഷനിൽനിന്ന് പ്രതികളുടെ ഭാര്യമാരടങ്ങുന്ന ഒരു സംഘം അതേ ബോഗിയിൽ കയറി. ബിൽക്കീസിനെ കണ്ടപ്പോൾ അവരുടെ മുഖങ്ങൾ വിളറി. പരിഭ്രാന്തരായി അവർ പെട്ടെന്ന് സ്ഥലം വിട്ടു. അനീതിക്കു കൂട്ടുനിന്നവരെ ബിൽക്കീസ് ബാനോയുടെ മുഖം ഞെട്ടിക്കും. ‘‘ഇനിയും അവരെ കണ്ടുമുട്ടേണ്ടിവന്നാൽ അവരോട് എന്തു ചോദിക്കും?’’ ബിൽക്കീസിന്റെ മറുപടി ഇതായിരുന്നു– ‘‘നല്ല നിലയിൽ കഴിഞ്ഞിരുന്ന പുരുഷന്മാർ എന്തുകൊണ്ട് ഒരു ദിവസം വേട്ടപ്പട്ടികളായി? സ്ത്രീകളുടെ മാനം കവരാൻ വീട്ടിലെ സ്ത്രീകൾ അവരെ എങ്ങനെ അനുവദിച്ചു?’’