‘റേറ്റിങ്’ ഇടിഞ്ഞ് ഷിയുടെ തന്ത്രങ്ങൾ; കടംകൊടുത്ത് മുടിയുമോ ചൈന? ആ 8 നാവികതാവളങ്ങൾ കെണി
Mail This Article
സാമ്പത്തിക പ്രതിസന്ധിയിലൂടെ ശ്രീലങ്ക കടന്നുപോയപ്പോൾ ലോകം ചർച്ച ചെയ്തത് ചൈനീസ് കടക്കെണിയെ കുറിച്ചായിരുന്നു. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിലൂടെ (ബിആർഐ) ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്തി സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനാണോ ചൈന ശ്രമിക്കുന്നത്. ആരോപണം മാത്രമായിരുന്ന ചൈനീസ് കടക്കെണി തന്ത്രത്തിന് മറുപടി ലഭിച്ച കാലം കൂടിയാണ് കഴിഞ്ഞ 10 വർഷങ്ങൾ. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ സ്വപ്നപദ്ധതിയായിരുന്നു 2013 സെപ്റ്റംബറിൽ ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ്. പക്ഷേ തുടക്കത്തിലെ തിളക്കം ഈ പദ്ധതിക്ക് ഇന്ന് നഷ്ടമായിരിക്കുകയാണ്. ഒട്ടേറെ രാജ്യങ്ങൾ ചൈനീസ് ചതി തിരിച്ചറിഞ്ഞ് പദ്ധതിയിൽനിന്ന് പിന്മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും അവസാനത്തേതായിരുന്നു ഇറ്റലി. 2019ലാണ് ഇറ്റലി ചൈനയുമായി കരാർ ഒപ്പിട്ടത്. എന്നാൽ പദ്ധതി പ്രകാരം നിർമിക്കുന്ന ‘സിൽക്ക് റൂട്ടി’ലൂടെ ഇറ്റലിയിലേക്കുള്ള ചൈനീസ് കയറ്റുമതി വർധിക്കും, തിരിച്ച് ഇറ്റലിക്ക് അതിന്റെ ഗുണം കിട്ടുകയുമില്ലെന്നാണ് റിപ്പോർട്ടുകൾ. ജി7 രാജ്യങ്ങളിൽനിന്ന് ഇറ്റലി മാത്രമായിരുന്നു ഇതുവരെ ബിആർഐയിൽ അംഗമായിരുന്നത്. എന്തുകൊണ്ടാണ് ഇറ്റലി ഉള്‍പ്പെടെ ചില രാജ്യങ്ങൾ പദ്ധതിയിൽനിന്ന് പിന്മാറിയത്? ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങളും പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളുമെല്ലാം ആ ചോദ്യത്തിന്റെ ഉത്തരമാണ്. ഇതിനെല്ലാം പുറമേ, കടക്കെണിയിൽ വീണ രാജ്യങ്ങളിൽ സൈനിക താവളങ്ങൾ ആരംഭിക്കാനുള്ള ചൈനീസ് നീക്കവും ആശങ്കയുയർത്തിയിട്ടുണ്ട്.