ദുബായിലെ കോൾ സെന്ററിൽ മലയാളികളും: ‘വിദേശ യുവതിയുടെ ഓഫർ ലാഭമായി തോന്നി’: ആ ഒരു മണിക്കൂർ നിർണായകം
Mail This Article
രണ്ടു ലക്ഷം രൂപയുടെ സമ്മാനം വാങ്ങിയിട്ടുണ്ടെന്നും ഇന്ത്യയിലേക്ക് അയയ്ക്കാനായി നികുതിയായി ഒരു ലക്ഷം രൂപ അയച്ചു തരാനും ഇന്റർനെറ്റിലൂടെ പരിചയപ്പെട്ട ‘വിദേശ യുവതി’ എറണാകുളം സ്വദേശിയോട് ആവശ്യപ്പെടുന്നു. പണം അയയ്ക്കാനായി അക്കൗണ്ട് വിവരങ്ങളും നൽകി. പണം അയച്ച യുവാവിന് സമ്മാനം ലഭിച്ചതുമില്ല, ഒരു ലക്ഷംരൂപ നഷ്ടവുമായി. പരിചയമില്ലാത്ത ആൾക്ക് എന്തിനാണ് പണം നൽകിയതെന്ന പൊലീസിന്റെ ചോദ്യത്തിന് യുവാവ് നൽകിയ ഉത്തരമിങ്ങനെ: ഇന്ത്യയിൽ രണ്ടു ലക്ഷത്തിലേറെ വിലയുള്ളതായിരുന്നു യുവതി വാഗ്ദാനം ചെയ്ത സമ്മാനം. ഒരു ലക്ഷം നൽകിയാലും ലാഭമാണെന്നു തോന്നി. സൗജന്യം ലഭിക്കാനുള്ള ആളുകളുടെ ആഗ്രഹത്തെയാണ് സൈബർ തട്ടിപ്പുകാർ മുതലെടുക്കുന്നത്. സാങ്കേതികവിദ്യകൾ അനുദിനം മാറുമ്പോൾ തട്ടിപ്പിന്റെ രീതികളും മാറുന്നു. തട്ടിപ്പുകാർ സാങ്കേതിക വിദ്യയിൽ വിദഗ്ധരാണ്. അത്തരക്കാരെ പിടികൂടാൻ പൊലീസ് അവരേക്കാൾ വിദഗ്ധരാകണമെന്ന അവസ്ഥയാണിന്ന്. ഒടിപി വെളിപ്പെടുത്തിയാൽ പണം നഷ്ടപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത് കുറഞ്ഞു വരുമ്പോൾത്തന്നെ, ക്രിപ്റ്റോ കറൻസി പോലുള്ള നിക്ഷേപങ്ങളിലേക്ക് പണം മാറ്റി വൻ തുകകൾ നഷ്ടപ്പെടുന്ന സംഭവങ്ങൾ കൂടുകയാണ്.