‘കൺ നിറയെ കണ്ട്’ അയോധ്യ; ആടിപ്പാടി തെരുവുകൾ; രാം ലല്ലയ്ക്ക് വർണാഭ വരവേൽപ്..
Mail This Article
പ്രാണപ്രതിഷ്ഠയ്ക്ക് തീയതി നിശ്ചയിച്ചതു മുതൽ രാമമന്ത്രമുഖരിതമായിരുന്നു അയോധ്യ. രാമഭക്തർ തേടിവരുന്ന തീർഥാടനസാഗരം. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഉത്സവപ്രതീതിയിലേക്ക് അയോധ്യ മാറിയിരുന്നു. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അരങ്ങേറി. മധുരപലഹാരങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, രാമന്റെയും സീതയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വളകൾ തുടങ്ങി കണക്കില്ലാത്ത സമ്മാനങ്ങളാണ് അയോധ്യയിലേക്ക് ഒഴുകുന്നത്. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും പ്രാണപ്രതിഷ്ഠ ദിനം പ്രവേശിപ്പിക്കുന്നില്ലെങ്കിൽ കൂടി, അയോധ്യയുടെ പരിസരങ്ങൾ നിറഞ്ഞു കവിഞ്ഞ് ഭക്തരെത്തിയിരുന്നു. കിലോമീറ്ററുകളോളം നടന്നും സൈക്കിൾ ചവിട്ടിയും വന്നവർ, ശ്രീരാമ മുദ്ര നെറ്റിയിൽ പതിച്ച് നൃത്തം ചെയ്യുന്നവർ, പെരുമ്പറ കൊട്ടിയും മണി മുഴക്കിയും ആഘോഷമാക്കുന്നവർ.. അയോധ്യയുടെ ഓരോ തിരിവിലും ആഘോഷത്തിന്റെ അലയൊലികൾ കാണാം. പ്രാണപ്രതിഷ്ഠ അയോധ്യ ഉത്സവമാക്കിയതെങ്ങനെയാണ്? ആ കാഴ്ച കാണാം, മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ രാഹുൽ ആർ.പട്ടം പകർത്തിയ ചിത്രങ്ങളിലൂടെ...