മൃതദേഹം സൂക്ഷിക്കാൻ പ്രത്യേകം ഫ്രിജ്; പൊലീസിന്റെ കണ്ണുവെട്ടിച്ചത് 20 വർഷം; ഒടുവിൽ തെളിവായി ആ കത്ത്
Mail This Article
‘എന്റേത് ലോലഹൃദയമാണ്’ ലാവോ റോങ്ചി എന്ന നാൽപത്തൊൻപതുകാരി കണ്ണുനീർ പൊഴിച്ചുകൊണ്ട് പറഞ്ഞു. മൂന്നു വയസ്സുള്ള കുഞ്ഞടക്കം ഏഴു പേരുടെ കൊലപാതകത്തിനും കവർച്ചയ്ക്കും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും ചൈനയിലെ നാൻഷാങ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോർട്ടിൽ വിചാരണ നേരിടുമ്പോഴായിരുന്നു ഈ അവകാശവാദം! അഞ്ചുപേരുടെ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തതായും രണ്ടു കൊലപാതകങ്ങളിൽ പങ്കുള്ളതായും കണ്ടെത്തി കോടതി കഴിഞ്ഞ മാസം വധശിക്ഷ നടപ്പാക്കിയ റോങ്ചിയുടെ ജീവിതം ഇതേ പോലെ ഒരുപാട് വൈരുധ്യങ്ങൾ നിറഞ്ഞതാണ്. മിടുക്കിയായിരുന്നു റോങ്ചി. സ്കൂൾ കാലത്ത് പരീക്ഷകളിൽ മികച്ച ഗ്രേഡ്, അവാർഡുകൾ... നല്ല ഭാവിയുള്ളവൾ എന്ന് പ്രിയപ്പെട്ടവർ അഭിമാനിച്ചു. ചൈനയിലെ ജ്യാങ്ഷി പ്രവിശ്യയിലെ ജൂജാങ്ങിൽ ഒരു പ്രൈമറി സ്കൂളിൽ റോങ്ചി അധ്യാപികയായി. ആയിടയ്ക്കാണ് ഒരു വിവാഹത്തിനിടെ ഫാ സിയിങ്ങിനെ കണ്ടുമുട്ടുന്നത്. ഇരുപത്തൊൻപതുകാരനായ സിയിങ് വിവാഹിതനും ഒരു പെൺകുഞ്ഞിന്റെ അച്ഛനുമായിരുന്നു. ആദ്യ കണ്ടുമുട്ടലിൽ തന്നെ ഇരുവരും പ്രണയത്തിലായി. കവർച്ചക്കേസിൽ 8 വർഷം ജയിൽശിക്ഷ അനുഭവിച്ച സിയിങ് അനീതിക്കെതിരെ പോരാടുന്നവനും പാവങ്ങളെ സഹായിക്കുന്നവനുമായി തന്നെ പരിചയപ്പെടുത്തി. സിയിങ്ങിനൊപ്പം റോങ്ചി ജീവിതം ആരംഭിച്ചു. പല കുടുംബങ്ങളുടെ ജീവിതം തകർത്ത കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അത്.