10 പൈസയെന്ന് പറഞ്ഞ് 10 രൂപ കൂട്ടി; പ്ലാൻ ബി എന്നാൽ പ്ലാൻ ബവ്കോ എന്നാണോ? ‘ഗാലനേജിന്റെ’ ലക്ഷ്യം ഇത്
Mail This Article
നാടിന്റെ വികസനത്തിനാണ് ഞങ്ങൾ മദ്യപിക്കുന്നതെന്ന മദ്യപരുടെ വിശദീകരണം ട്രോളായി മാറിയിട്ട് അധിക കാലം ആയിട്ടില്ല. മദ്യപാനത്തിന് ഒരു തത്വാധിഷ്ഠിത വിശദീകരണവും സർക്കാരുമായുള്ള ഒരു ‘അന്തർധാര’യും തങ്ങൾക്കുണ്ടെന്ന് മദ്യപാനികൾ പറഞ്ഞാൽ എങ്ങനെ നിഷേധിക്കും! ഓരോ ബജറ്റ് കഴിയുമ്പോഴും മദ്യത്തിനു വില കൂട്ടും. ഓരോ വട്ടവും ഓരോ പേരിലാണെന്നു മാത്രം. ബജറ്റിലെ ഈ ‘മദ്യാസക്തി’ തുടങ്ങിയിട്ട് കാലം കുറച്ചുമായി. ഇത്തവണ മദ്യാസക്തിക്കു പേരു വേറെയാണ്. ഗാൽവനേജ് ഫീസ്. ഗാൽവനേജിന്റെ വരവിനും ചരിത്രമുണ്ട്. മദ്യം അളക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്നത് ‘ഗാലൻ’ എന്ന അളവ് സമ്പ്രദായത്തിൽനിന്നാണ് ‘ഗാൽവനേജ് ഫീ’ എന്ന പ്രയോഗം നിലവിൽ വന്നത്. എക്സൈസ് തീരുവ കണക്കാക്കുന്നത് മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ‘ഗാൽവനേജ് ഫീ’ നിർണയിക്കുന്നത് മദ്യത്തിന്റെ അളവിനെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഇതിനാൽതന്നെ എല്ലാത്തരത്തിലുള്ള മദ്യത്തിനും ഇത് ഒരുപോലെ ബാധകവുമാണ്. എല്ലാവർക്കും അറിയേണ്ടത് ഗാൽവനേജ് വന്നാൽ വില കൂടുമോ എന്നാണ്. മദ്യത്തിന് ലീറ്ററിന് 10 രൂപ കൂട്ടിയെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി ബാലഗോപാൽ പറഞ്ഞു. എന്നാൽ മദ്യ വില ഉയരില്ലെന്ന് ബവ്റിജസ് കോർപറേഷനും പറയുന്നു. ഇതെങ്ങനെയെന്ന് ചിന്തിച്ചാൽ മദ്യം കഴിച്ച പോലെ ആകെ കിറുങ്ങിപ്പോവില്ലേ!