മോദിക്ക് ‘താക്കീത്’ നൽകിയ ‘പറക്കും ചാരൻ’: കുരുക്കിയത് ആ മോതിരം, ഒപ്പം കോഡ് നമ്പർ: തടവിൽ 8 മാസം!
Mail This Article
ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് പറന്നുയർന്ന് താജ് ഹോട്ടലിനു മുകളിലൂടെ വട്ടമിട്ട് മറയുന്ന പ്രാവുകൾ ബോളിവുഡ് സിനിമകളിലെയും മുംബൈ പ്രമേയമാകുന്ന ചിത്രങ്ങളിലെയും പതിവുകാഴ്ചയാണ്. പ്രാവുകളെയും അവയ്ക്ക് തീറ്റകൊടുക്കുന്നവരെയും മഹാനഗരത്തിന്റെ എല്ലാ കോണുകളിലും കാണാം. അതിനിടയിൽനിന്ന് ‘ചാരപ്പക്ഷി’യെന്ന് സംശയിച്ച് ഒരു പ്രാവിനെ കസ്റ്റഡിയിലെടുക്കുക, മാസങ്ങളെടുത്ത് വിശദമായ അന്വേഷണം നടത്തുക, ഒടുവിൽ വിട്ടയയ്ക്കുക... കഥയായി തോന്നുന്നുണ്ടോ? എന്നാൽ, കഥയല്ല. 2024 ജനുവരി അവസാനവാരം പരേലിലെ ദിൻഷാ പെറ്റിറ്റ് മൃഗാശുപത്രിയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പ്രാവ് ഉൾപ്പെട്ട വിചിത്രമായ കേസാണിത്. ചൈനീസ് ചാരപ്പക്ഷിയെന്ന സംശയത്തിൽ ചെമ്പൂർ പൊലീസ് 2023 മേയിലാണ് പ്രാവിനെ കസ്റ്റഡിയിലെടുക്കുന്നത്. രഹസ്യം ചോർത്താനെത്തിയ ‘ചാരനെ’ന്ന സംശയത്തിൽ തടവിൽ പാർപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് പ്രാവ് ‘നിരപരാധി’യാണെന്നു കണ്ടെത്തിയത്. നാമെല്ലാം കൗതുകത്തോടെ നോക്കുന്ന പ്രാവിന്റെയുള്ളിൽ ഒരു ‘ചാരൻ’ ഒളിച്ചിരിപ്പുണ്ടോ? അത് നമ്മുടെ രാജ്യത്തുനിന്ന് എന്തു രഹസ്യമാണു ചോർത്തുന്നത്?