വേനലിൽ വീടാകെ തണുപ്പ് നിറയ്ക്കാൻ ഈ വഴികൾ; ശരീരവും ‘കൂളാക്കാം’; പുറത്തിറങ്ങുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ ‘ഹീറ്റ് എക്സോഷൻ’
Mail This Article
മീനമാസം: സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. കേരളത്തിലെ വേനൽക്കാലം. ശക്തമായ ചൂടു പതിക്കുന്ന മാസം. മീനമാസത്തിലേക്ക് ഇനിയും ഒരു മാസത്തിന്റെ ദൂരമുണ്ട്. കുംഭമായപ്പോഴേക്കും പക്ഷേ ചൂടുകൊണ്ട് ഇരിക്കാനും നടക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ. ‘എന്തൊരു ചൂട്’ എന്നു പറയാത്ത ഒരു മലയാളി പോലും നിലവിൽ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ഇടയില്ല. രാജ്യത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിലാണെന്നു പറയുമ്പോൾ അതിശയം തോന്നുന്നുണ്ടോ? ‘ഏയ് അതിനു വഴിയില്ല’ എന്ന് നിലവിലെ സാഹചര്യത്തിൽ ആരും പറയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വിയർത്തൊഴുകുന്ന, എപ്പോഴും ഫാനിനെയും എസിയെയും കുടയെയും കൂട്ടുപിടിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമ്മൾ. ഫെബ്രുവരി 17ലേക്കുള്ള കാലാവസ്ഥാ പ്രവചനം പ്രകാരം കേരളത്തിലെ നാലു ജില്ലകളിൽ താപനില കുതിച്ചുയരുമെന്നാണ്. കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. അതായത്, സാധാരണയേക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ. ഇപ്പോഴത്തെ ചൂട് തന്നെ താങ്ങാനാകുന്നില്ല, അതിനോടൊപ്പം ചൂട് ഇനിയും കൂടുമെന്നുകൂടി പറയുമ്പോള്‍ കിടുങ്ങിപ്പോകുന്നത് മലയാളി മനസ്സാണ്.