സോണിയയും ‘ഉപേക്ഷിച്ചു’ ആ ഒരു സീറ്റ്; യുപി കോൺഗ്രസ് മുക്തമാക്കാൻ ബിജെപിയുടെ ‘അദിതി’; വയനാട് വിടുമോ രാഹുൽ?
Mail This Article
‘‘ഭർതൃ മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുക്കൽവന്നത്. നിങ്ങൾ എന്നെ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. ഈ തിളങ്ങുന്ന പാതയിലൂടെ ഒപ്പം നടക്കാൻ അനുവദിച്ചു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ കടുത്ത വെല്ലുവിളികൾക്കിടയിലും നിങ്ങൾ എനിക്കൊപ്പം നിന്നത് ഞാനൊരിക്കലും മറക്കില്ല’’. രണ്ട് പതിറ്റാണ്ട് കാലം തന്നെ തിരഞ്ഞെടുത്ത റായ്ബറേലിയിലെ വോട്ടർമാർക്ക് സോണിയ ഗാന്ധി എഴുതിയ വൈകാരികമായ കത്തിലെ വരികളാണിത്. 2004 മുതൽ 2024 വരെ സോണിയ ഗാന്ധിയുടെ വിലാസമായിരുന്നു, ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോഴും അണുവിട മാറാതെ റായ്ബറേലി സോണിയയ്ക്ക് വോട്ടു കുത്തി. നെഹ്റു കുടുംബത്തിന്റെ മണ്ഡലം എന്ന് വിളിപ്പേരുള്ള റായ്ബറേലിക്ക് പറയാൻ ചരിത്രമേറെയുണ്ട്. ഇന്ദിരാഗാന്ധി ആദ്യ മത്സരത്തിന് തിരഞ്ഞെടുത്ത മണ്ഡലവും ഇന്ദിരയെ തോൽപ്പിച്ച ഒരേയൊരു മണ്ഡലവും റായ്ബറേലിയാണ്. വിടപറഞ്ഞു കൊണ്ടുള്ള കത്തിൽ, കുടുംബത്തിന് പിന്തുണയുണ്ടാവണമെന്നാണ് സോണിയയുടെ അഭ്യർഥന. റായ്ബറേലി നിലനിർത്താൻ നറുക്ക് വീഴുന്നത് ആർക്കായാലും മത്സരം അത്ര എളുപ്പമായേക്കില്ല എന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വെറുമൊരു മണ്ഡലം മാത്രമല്ല, കോൺഗ്രസിന് റായ്ബറേലി. വീണും ഉയർന്നും കണക്കു തീർത്തുമാണ് റായ്ബറേലിക്കൊപ്പം കോൺഗ്രസും വളർന്നത്. ഇനി റായ്ബറേലിയിൽ ചരിത്രമെഴുതുന്നത് ആരാകും?