രഹസ്യ വഴിയിലൂടെ സർവനാശം, ‘നെടുങ്കോട്ട’ വീണു: ചരിത്രത്തിലെ വലിയ സൈനികാഭ്യാസത്തിന് നാറ്റോ, മഴ കഴിഞ്ഞാൽ മഹായുദ്ധം?
Mail This Article
ഒടുവിൽ അവ്ദിവ്കയും വീണു, യുക്രെയ്ൻ ആസന്നമായ തോൽവിയിലേക്ക്. യുക്രെയ്നിന്റെ പ്രതിരോധ നിരയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ടിരുന്ന ഡോണെറ്റ്സ്ക് മേഖലയിലെ അവ്ദിവ്ക എന്ന ചെറുവ്യവസായ നഗരം കടുത്ത പോരാട്ടത്തിനൊടുവിൽ റഷ്യ പിടിച്ചെടുത്തു. അതിനിടെ യുക്രെയ്ൻ സൈന്യവും പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കിയും തമ്മിലുള്ള ഭിന്നതയും അതിരൂക്ഷമായി. സൈനിക മേധാവിയായ വലേറി സലൂഷ്നിയെ പുറത്താക്കി ഫെബ്രുവരി 8ന് വ്ളാഡിമിർ സെലെൻസ്കി ഉത്തരവുമിറക്കി. പകരം തന്റെ വിശ്വസ്തനായ ജനറൽ ഓലെസ്കാൻഡർ സിർക്സിയെ പുതിയ കമാൻഡറായി നിയമിക്കുകയും ചെയ്തു. അമേരിക്കൻ സാമ്പത്തിക സഹായം മാസങ്ങളായി നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന യുക്രെയ്നിനു താൽക്കാലിക ആശ്വാസമായി യൂറോപ്യൻ യൂണിയന്റെയും മറ്റും സാമ്പത്തിക സഹായ പാക്കേജും എത്തി. എന്നാൽ, യുദ്ധം രണ്ടു വർഷം പിന്നിടുമ്പോൾ ആൾബലത്തിലും ആയുധബലത്തിലും ഒരുപാടു മുന്നിൽ നിൽക്കുന്ന റഷ്യൻ സേന, യുക്രെയ്നിന്റെ പ്രതിരോധക്കോട്ടകളെ ഒന്നൊന്നായി തകർത്തു മുന്നേറ്റം തുടരുകയാണ്. ഈ മഞ്ഞുകാലത്തിനു പിന്നാലെ മേയ്, ജൂൺ മാസത്തോടെ റഷ്യൻ സേന നടത്തിയേക്കാവുന്ന വൻ സൈനിക കുതിപ്പു ഭയന്ന് നാറ്റോ സൈനിക സഖ്യം തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക അഭ്യാസത്തിനും തുടക്കം കുറിച്ചു കഴിഞ്ഞു.