ജൂണിൽ ‘ദളപതി’ക്ക് 50; ലക്ഷ്യം ആ 20–30% വോട്ട്? പരാജയമാകുമോ വിജയ്? രാഷ്ട്രീയത്തിൽ ‘തിരക്കഥ’ മുഖ്യം ബിഗിലേ!
Mail This Article
തമിഴ്നാട്ടിലെ ചലച്ചിത്ര–രാഷ്ട്രീയ ബന്ധം ഒരു സിനിമയാക്കിയാൽ അതൊരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും. എംജിആർ മുതൽ ശിവാജി ഗണേശൻ വരെയും ജയലളിത മുതൽ ഖുഷ്ബുവരെയും അതിൽ കഥാപാത്രങ്ങളായി വരും. അതിൽ ചിലർ വെള്ളിത്തിരയിലെ സൂപ്പർ പരിവേഷം രാഷ്ട്രീയ തട്ടകത്തിലും നിലനിർത്തിയപ്പോൾ മറ്റു ചിലർ സഹ നടന്മാരുടെ റോളിലേക്ക് ഒതുങ്ങി. ജൂനിയർ ആർട്ടിസ്റ്റ് വേഷംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരുമുണ്ട്. തമിഴകത്ത് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ പാമ്പും കോണിയും കളിയിലേക്കാണ് ജോസഫ് ചന്ദ്രശേഖർ വിജയ് എന്ന ആരാധകരുടെ ദളപതി റിലീസാകുന്നത്. തമിഴക വെട്രി കഴകം എന്ന പാർട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട തുടർ ചലനങ്ങൾ തമിഴ്നാട്ടിൽ നിലച്ചിട്ടില്ല. മരുതൂർ ഗോപാലൻ രാമചന്ദ്രൻ എന്ന എംജിആറിനെപ്പോലെ രാഷ്ട്രീയത്തിരയിലും സൂപ്പർ നായകനാകാൻ വിജയ്‌ക്കു കഴിയുമോ? അതോ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ നൂറായിരം സിനിമാക്കാരിലൊരാളായി മാത്രം ദളപതിയുടെ ശ്രമവും അവസാനിക്കുമോ?. തമിഴക രാഷ്ട്രീയം ഫ്ലാഷ് ബാക്കടിക്കുമ്പോൾ രണ്ടിനുമുള്ള സാധ്യതകളും തെളിഞ്ഞുവരുന്നുണ്ട്.