വയനാട് യാത്ര വേറെ ലെവൽ, ഇനി ഒരു ചുരത്തിലും കുടുങ്ങില്ല; കരാറിന് അടൽ ടണൽ നിർമിച്ചവരും
Mail This Article
ഒരു പഞ്ചായത്ത് റോഡുപോലും മര്യാദയ്ക്ക് പണിയാൻ സാധിക്കാത്തവർ എങ്ങനെ തുരങ്കപാത ഉണ്ടാക്കും? വയനാടിനെ ബന്ധിപ്പിക്കാനുള്ള തുരങ്കപാതയെ കുറിച്ച് കേൾക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നവർ ധാരാളമുണ്ടായിരുന്നു. അവരെ കുറ്റം പറയാൻ കഴിയില്ല, താഴെ നിന്നു നോക്കിയാൽ ആകാശം മുട്ടി നിൽക്കുന്ന മല എങ്ങനെ തുരക്കാനാണ്? പക്ഷേ ഒരു ബദൽ റോഡ് ആവശ്യമാണ് താനും. കാരണം 14 കിലോമീറ്റര്‍ നീളമുള്ള അടിവാരം മുതൽ ലക്കിടി വരെയുള്ള പാതയിലൂടെ ദിവസവും കടന്നുപോകുന്നത് നാൽപ്പതിനായിരത്തോളം വാഹനങ്ങൾ. ഒരുവശം പാറക്കെട്ടും മറുവശം കൊക്കയുമായ രണ്ടുവരിപ്പാതയിലൂടെ പോകുമ്പോൾ ഡ്രൈവർമാരുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരും. യാത്രയിൽ ഒരു ഓട്ടോറിക്ഷ കേടായാൽ മതി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാൻ. അടിവാരത്തെത്തിക്കഴിഞ്ഞാൽ വയനാട്ടിലേക്ക് പോകാൻ വള്ളിയിൽ തൂങ്ങിക്കയറണം എന്ന് പറഞ്ഞ് വയനാട്ടുകാരെ മറ്റു ജില്ലക്കാർ ഇപ്പോഴും കളിയാക്കാറുണ്ട്. തമാശയായിട്ടാണ് ഇതു പറയുന്നതെങ്കിലും അതിൽ യാഥാർഥ്യമുണ്ട്.