ആരുമറിയാതെ കൊന്നു മുങ്ങുന്ന ‘ടൂറിസ്റ്റ്’; മരിക്കാതെ പ്രിഗോഷിന്റെ ചെകുത്താൻ സേന; ഉഗ്രരൂപത്തിൽ റഷ്യൻ ചാരസംഘം
Mail This Article
ചാര ഏജൻസികളുടെ പലവിധ പ്രശ്നങ്ങളിലൊന്ന്, എത്ര വലിയ വിജയം രാജ്യത്തിനായി നേടിയാലും മിണ്ടാനോ ആഘോഷിക്കാനോ മേനി നടിക്കാനോ സാധിക്കില്ല എന്നതാണ്. ‘അത് ഞാനാണ്’ അഥവാ ‘ഞങ്ങളാണ് ചെയ്തത്’ എന്ന് എങ്ങും പറയാനൊക്കില്ല; ചാരപ്പണിയുടെ അകത്തേത്തളങ്ങളിൽ പോലും. അതിന് ഒരു ഗുണപരമായ വശവുമുണ്ട്; ചാര ഓപറേഷനുകൾ പാളീസായാലും മിണ്ടണ്ട, ആരും അറിയില്ല എന്നതുതന്നെ. റഷ്യയുടെ യുക്രെയ്ൻ ഓപറേഷൻ പൊളിഞ്ഞതും രണ്ടു കൊല്ലമായി ഊരാൻ പറ്റാത്തവിധം കുടുക്കിലായതും എന്തുകൊണ്ടാണ്? റഷ്യയുടെ മൃഗീയ ശക്തിയുടെ ഏഴയലത്തു വരാത്ത ചെറിയ രാജ്യമാണ് ആ വമ്പന്‍ സൈന്യത്തോട് ‘അടിച്ചു’ നിൽക്കുന്നത്. റഷ്യ പൊളിഞ്ഞതിനു പിന്നിൽ ഇന്റലിജൻസ് പരാജയമായിരുന്നു. ഇസ്രയേൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനു പിന്നിലും ചാര ഏജൻസികളുടെ പരാജയം തന്നെ. യുക്രെയ്നിൽ പക്ഷേ റഷ്യയുടെ എഫ്എസ്ബി, എസ്‌വിആർ, ജിആർയു എന്നീ ഏജൻസികളെല്ലാം ഒരു ഘട്ടത്തിൽ പരാജയപ്പെട്ടു പോയി. പിന്നീട് ഇവർക്ക് തിരിച്ചു വരാൻ സാധിച്ചോ? എന്താണ് യഥാർഥത്തിൽ ഈ ചാരസംഘടനകൾ ചെയ്യുന്നത്?