തമിഴ്നാട്ടിലേക്ക് മോദി കണ്ണെറിയുന്നത് വെറുതെയല്ല; ആരു ഭരിക്കണമെന്ന് ഈ 5 സംസ്ഥാനങ്ങൾ തീരുമാനിക്കും; ലക്ഷ്യം ‘ 249’
Mail This Article
പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് വോട്ടു ചെയ്യുക 98 കോടി വോട്ടർമാരാണെന്നാണ് കണക്ക്. ആദ്യ തിരഞ്ഞെടുപ്പിന് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ അഞ്ചിരട്ടിയാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധന. എല്ലാ പൗരന്മാർക്കും വോട്ടവകാശത്തിൽ തുല്യ പ്രാധാന്യമെന്നത് ശരിയാണെങ്കിലും ഇന്ത്യ ആരാണ് ഭരിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ചില നിർണായക സംസ്ഥാനങ്ങളുണ്ട്. ഏറ്റവും അധികം ലോക്‌സഭാ സീറ്റുകളുള്ള രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ആകെ സീറ്റിൽ 45.8 ശതമാനവും (249 എണ്ണം) ഈ അഞ്ചിടത്താണ്. ബിജെപിയാണെങ്കിലും ‘ഇന്ത്യ’ മുന്നണിയാണെങ്കിലും ഈ അഞ്ചു സംസ്ഥാനങ്ങളിലെ സീറ്റുകൾ ഭദ്രമാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ മറ്റിടങ്ങളെപ്പറ്റി ആലോചിക്കുക പോലുമുള്ളൂവെന്നതാണു യാഥാർഥ്യം. ദക്ഷിണേന്ത്യയിലേയ്ക്ക് വഴിയടഞ്ഞിട്ടും രാജ്യം ഭരിക്കാൻ ബിജെപിക്ക് എന്തുകൊണ്ടു കഴിഞ്ഞു എന്ന ചോദ്യത്തിന്റെ കൂടി ഉത്തരമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും. രാജ്യത്തിന് ഇതേവരെ 8 പ്രധാനമന്ത്രിമാരെ സമ്മാനിച്ച ഉത്തർപ്രദേശാണ് നിർണായക സംസ്ഥാനങ്ങളിൽ ആദ്യത്തേത്. 80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും. തമിഴ്‌നാട് മാത്രമാണ് ഇക്കൂട്ടത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ളത്. തമിഴ്‌നാടും തൊട്ടടുത്ത കേരളവും ഇത്തവണ ബിജെപിയുടെ ഉൾപ്പെടെ നിർണായക ലക്ഷ്യമാകുന്നതും വെറുതെയല്ല. ജാതിസമവാക്യങ്ങളും തൊഴിലില്ലായ്മയും അഴിമതിയും വിഷയമാകുന്ന തിരഞ്ഞെടുപ്പിൽ ഈ അഞ്ച് സംസ്ഥാനങ്ങളിലെ സീറ്റ് നില ബിജെപിക്കും ഇന്ത്യ മുന്നണിക്കും നിർണായകമാകും. എന്താണ് ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ചിത്രം? വിശദമായി പരിശോധിക്കാം...