അന്ന് ആകാശത്ത് ഭയന്നു നിലവിളിച്ച ‘മരുമകൾ’: സോണിയ പറഞ്ഞു, ഇവൾ ബാധ്യതയാകും: പകയുടെ, പോരാട്ടത്തിന്റെ മേനക
Mail This Article
മാർച്ച് രണ്ടിനാണ് ഉത്തർ പ്രദേശിലേയ്ക്കുള്ള 80 ലോക്സഭാ സ്ഥാനാർഥികളിൽ 51 പേരുടെയും പേര് ബിജെപി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയിൽനിന്ന് മത്സരിക്കുമെന്ന് അതോടെ വ്യക്തമായി. പക്ഷേ, അതിനേക്കാളുമേറെ ആകാംക്ഷയോടെ ബിജെപി പ്രവർത്തകരും പ്രതിപക്ഷവും കാത്തിരുന്ന രണ്ടു പേരുകൾ ആ പട്ടികയിൽ ഇല്ല. ഒരാൾ മേനക ഗാന്ധി, രണ്ടാമത്തെയാൾ മകൻ വരുൺ ഗാന്ധി. വരുണിന്റെ മണ്ഡലമായ പിലിബിത്തിൽ ഒന്നാം ഘട്ടത്തിൽ, ഏപ്രിൽ 19നാണ് തിരഞ്ഞെടുപ്പ്. മേനകയുടെ സുൽത്താൻപുരിൽ ആറാം ഘട്ടമായ മേയ് 25നും. സ്ഥാനാർഥികൾ വരും, വൈകില്ല എന്ന് ബിജെപി പറയുമ്പോഴും എന്തുകൊണ്ടാണ് മേനകയുടെയും വരുണിന്റെ കാര്യത്തിൽ മുൻപെങ്ങുമില്ലാത്ത ഈ അനിശ്ചിതാവസ്ഥ? 2019ൽ സുൽത്താൻപുരിൽ നിന്ന് പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിഎസ്പി സ്ഥാനാർഥിയെ മേനക തോൽപിച്ചത്. പക്ഷേ രണ്ടാം മോദി സർക്കാരിൽ മേനകയെയോ വരുണിനെയോ മന്ത്രിസഭയിലേയ്ക്കു പരിഗണിച്ചില്ല. അതോടെ കേന്ദ്രത്തെയും യുപിയിലെ യോഗി സർക്കാരിനെയും വിമർശിക്കുന്നവരുടെ മുൻനിരയിലേയ്ക്ക് പ്രതിപക്ഷത്തോടൊപ്പം പലപ്പോഴും ഇരുവരും കയറിവന്നു. അതു പലപ്പോഴും അതിരുവിടുകയും ചെയ്തു. അതോടെ പാർട്ടിയുടെ കണ്ണിലെ കരടായും അമ്മയും മകനും മാറി. 1984ൽ രാജീവ് ഗാന്ധിക്കെതിരെ സ്വതന്ത്രയായി മത്സരിച്ചാണ് മേനക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോരാട്ട ചരിത്രം ആരംഭിക്കുന്നത്. അന്ന് അമേഠിയിൽ തോറ്റെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച പിലിബിത്ത് പിന്നീട് മൂന്നു പതിറ്റാണ്ട് മേനകയുടെ വിലാസമായി. സഞ്ജയ് ഗാന്ധിയുടെ പിൻഗാമി താനാവണം എന്ന നിശ്ചയത്തിൽ പ്രധാനമന്ത്രി ഇന്ദിരയുടെ വസതിയിൽ നിന്ന് വഴക്കിട്ടിറങ്ങുമ്പോൾ മേനകയ്ക്ക് 25 വയസ്സാണ് പ്രായം. ഇന്ന്, അറുപത്തിയേഴാം വയസ്സിലെത്തി നിൽക്കുമ്പോൾ, ഒരേസമയം ഇന്ത്യയുടെയും ഗാന്ധി കുടുംബത്തിന്റെയും തിരഞ്ഞെടുപ്പ് ചരിത്രത്തോടൊപ്പം ചേർത്തു വയ്ക്കാവുന്ന പേരായി മാറിയിരിക്കുന്നു മേനകയുടേത്. വെല്ലുവിളികളും വിവാദങ്ങളും വിജയങ്ങളും പരാജയങ്ങളും പകയുമെല്ലാമായി സംഭവബഹുലമാണ് ആ രാഷ്ട്രീയ ജീവിതം.