‘ആപ്’ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി? കേജ്രിവാളിന്റെ പ്രതിച്ഛായ തകർത്ത ‘പ്രതികാരം’
Mail This Article
ആദർശ രാഷ്ട്രീയത്തിന്റെ ബിംബമായി തിളങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ചതിനു ശേഷവും കേജ്‌രിവാളിനെ വേട്ടയാടാൻ കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ കാട്ടിയ ഈ അത്യുത്സാഹം സാധാരണക്കാരെപ്പോലും അമ്പരപ്പിക്കുന്നതാണ്. ബിജെപിയുമായി താരതമ്യം ചെയ്യുമ്പോൾ ‘കുഞ്ഞൻ’ പാർട്ടിയായ ‘ആപി’നെ ഈ വിധം ചവിട്ടി കൂമ്പൊടിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ദീർഘകാല ലക്ഷ്യം മനസ്സിലാക്കിയാലേ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കിട്ടൂ. രാജ്യതലസ്ഥാനമായ ഡൽഹിയും അയൽസംസ്ഥാനമായ പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഭരണംനടത്തുന്ന ഒരേയൊരു കക്ഷിയാണ്. അതിനു പുറമേ ഗുജറാത്തിലും ഗോവയിലും സാന്നിധ്യമറിയിച്ചിട്ടുള്ള എഎപിയെ ഇന്ത്യയിലെ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ പാർട്ടി എന്നു വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. മമത ബാനർജിയും ഇടതുപാർട്ടികളും ഹിന്ദി മേഖലയിലെ യാദവ സോഷ്യലിസ്റ്റുകളുമെല്ലാം ഒരൊറ്റ സംസ്ഥാനത്തു മാത്രം ഒതുങ്ങിനിൽക്കുന്നു. അഥവാ, അടിത്തറ വിപുലമാക്കി ദേശീയ പാർട്ടിയായി വളരണമെന്ന ഇവയുടെ മോഹം സഫലമായില്ല.