നടപ്പാകില്ലെന്നറിഞ്ഞിട്ടും ബിജെപി എന്തിന് വ്യാജ വാഗ്ദാനം നൽകി? ത്രീ ഇഡിയറ്റ്സ് ‘നായകന്’ പറയുന്നു: അമിത് ഷായും സഹായിച്ചില്ല
Mail This Article
താപനില മൈനസ് പത്തിലും താഴ്ന്നിട്ടും ലഡാക്കിന്റെ അന്തരീക്ഷത്തിൽ പ്രസരിക്കുന്നത് പ്രതിഷേധത്തിന്റെ ചൂടാണ്. കടുത്ത തണുപ്പിലും വിറയ്ക്കാതെ, ലഡാക്കിന്റെ നഷ്ടപ്പെട്ട ജനാധിപത്യവും പരിസ്ഥിതിയും തിരിച്ചുപിടിക്കാനായി മാര്‍ച്ച് ആറുമുതല്‍ 21 ദിവസത്തെ ‘കാലാവസ്ഥാ നിരാഹാര’ സമരത്തിലായിരുന്നു മഗ്‌സസേ പുരസ്‌കാര ജേതാവും കാലാവസ്ഥാ, വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകനുമായ സോനം വാങ്ചുക്. ‘ത്രീ ഇഡിയറ്റ്‌സെ’ന്ന ബോളിവുഡ് സിനിമയില്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച ഫുന്‍സുക് വാങ്ഡു, തമിഴിലെ നന്‍പന്‍ സിനിമയിലെ വിജയുടെ കൊസാക്കി പസപുഗള്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് പ്രചോദനമായ ഈ അന്‍പത്തിയേഴുകാരൻ നടത്തിയ നിരാഹാര സമരത്തിന് ലഡാക്കിൽ മാത്രമല്ല രാജ്യത്തുടനീളം പിന്തുണയുണ്ട്. സമുദ്രനിരപ്പിന് 3500 അടി ഉയരത്തില്‍... ഈ എല്ലു മരവിപ്പിക്കുന്ന തണുപ്പില്‍ എന്തിനുവേണ്ടിയാണ് വാങ്ചുക് നിരാഹാരമനുഷ്ഠിച്ചത്? പ്രധാനമായും രണ്ട് കാര്യങ്ങളാണ് വാങ്ചുക്കും ലഡാക്ക് ജനതയും കേന്ദ്രസര്‍ക്കാരിനോടും ലോകത്തോടും ആവശ്യപ്പെടുന്നത്. ഒന്ന് ലഡാക്ക് ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുക. രണ്ട്, ലഡാക്കിന്റെ ദുർബലമായ പരിസ്ഥിതി സംരക്ഷിക്കുക. 2019ല്‍ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കശ്മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചതിനുശേഷം തങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായി ലഡാക്ക് ജനത ആരോപിക്കുന്നു. ജനാധിപത്യ സംരക്ഷണത്തിനായി നാല് ആവശ്യങ്ങളാണ് വാങ്ചുക്കും കൂട്ടരും മുന്നോട്ടുവയ്ക്കുന്നത്.