‘ആ പെൺകുട്ടിക്ക് മുന്നിൽ അയാളുടെ നോട്ടം മാറി’: എന്നവസാനിക്കും ‘ജനറൽ കോച്ച്’ ദുരന്തം? ടിടിഇക്കു പോലുമില്ല സുരക്ഷ
Mail This Article
പതിമൂന്ന് വർഷങ്ങൾക്കു മുൻപൊരു വൈകുന്നേരം. കൃത്യമായി പറഞ്ഞാൽ 2011 ഫെബ്രുവരി ഒന്ന്. എറണാകുളത്തുനിന്നു സൗമ്യ എന്ന ഇരുപത്തിമൂന്നുകാരി എറണാകുളം - ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ കയറി. പിറ്റേന്ന് നടക്കേണ്ട പെണ്ണുകാണൽ ചടങ്ങിനപ്പുറം ഭാവി ജീവിതം സ്വപ്നം കണ്ടൊരു യാത്ര. ആ യാത്രയ്ക്ക് ഒടുവിൽ ട്രെയിൻ ഷൊർണൂർ സ്റ്റേഷനിലേയ്ക്ക് എത്തുമ്പോൾ ആളൊഴിഞ്ഞ ലേഡീസ് കംപാർട്ട്‌മെന്റിൽ അവശേഷിച്ചത് അവളുടെ മുടിയിഴയിൽ നിന്ന് കൊഴിഞ്ഞുവീണ രണ്ടു ക്ലിപ്പുകൾ മാത്രം. നടുക്കത്തിന്റെ ആറു നാളുകൾക്കപ്പുറം അവൾ വീട്ടിലേക്കെത്തുമ്പോൾ ഉയർന്നത് കൂട്ടനിലവിളിയായിരുന്നു. മാസങ്ങൾക്കപ്പുറം കതിർമണ്ഡപത്തിലേയ്‌ക്കു കാലെടുത്ത വയ്‌ക്കേണ്ട അവൾ ചേതനയറ്റ് എത്തിയത് ഉറ്റവരോട് അവസാനയാത്ര പറയാനായിരുന്നു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സൗമ്യകേസിനു ശേഷം റെയിൽവേ പാഠം പഠിച്ചോ? പഠിച്ചിരുന്നെങ്കിൽ സമാനമായൊരു നിലവിളി മഞ്ഞുമ്മൽ മൈത്രി നഗറിൽ നിന്ന് ഇന്നലെ ഉയരില്ലായിരുന്നു. ടിക്കറ്റില്ലായാത്ര തടഞ്ഞപ്പോൾ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ.വിനോദും ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു. ഏപ്രിൽ രണ്ടിന് വൈകിട്ട് 6.45ന് എറണാകുളം– പട്ന എക്സ്പ്രസിലായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെ തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം പ്രതി ട്രെയിനിനു പുറത്തേയ്ക്കു തള്ളിയിടുകയായിരുന്നു. പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) കസ്റ്റഡിയിലെടുത്തെങ്കിലും ബാക്കിയാകുന്ന ചോദ്യങ്ങൾ ഏറെ. യാത്രക്കാർക്കും സ്വന്തം ജീവനക്കാർക്കും പോലും സുരക്ഷ ഒരുക്കാനാകാത്ത നിലയിലാണോ റെയിൽവേ?