മോദി സർക്കാരിനെ വീഴ്ത്താൻ ‘5 ന്യായം’; ഇത്രയും ലക്ഷം കോടി കോണ്ഗ്രസ് എവിടെനിന്നുണ്ടാക്കും? മറന്നോ, മൻമോഹൻ പറഞ്ഞത്!
Mail This Article
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് എങ്ങനെയും അധികാരം തിരിച്ചുപിടിക്കണമെന്നാഗ്രഹിക്കുന്ന കോൺഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞദിവസം ഡൽഹിയിൽ പുറത്തിറക്കി. 10 വർഷമായി അധികാരത്തിനു പുറത്തുനിൽക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷമോ, അതു പറ്റിയില്ലെങ്കിൽ ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടന്നാക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടത്ര സീറ്റുകളോ കിട്ടിയേ തീരൂ. അതിനുവേണ്ടി പരമാവധി വോട്ടർമാരെ ആകർഷിക്കുന്നതിന് അൽപസ്വൽപം അതിരുവിട്ട വാഗ്ദാനങ്ങളും ക്ഷമിച്ചുകളയാം. പക്ഷേ, അതാണോ ഈ പ്രകടനപത്രികയിലുള്ളത്? രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും വിഭവശേഷിയും കണക്കിലെടുത്താണോ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ ധനമന്ത്രികൂടിയായ പി.ചിദംബരവും അത് വോട്ടർമാർക്കു മുന്നിൽ വയ്ക്കുന്നത്? അത്യാകർഷകങ്ങളായ 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് നേതൃത്വം വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്നത്. ഇവ കർഷക ന്യായം, തൊഴിലാളി ന്യായം, സമത്വ ന്യായം, യുവന്യായം, വനിതാ ന്യായം എന്നിങ്ങളെ 5 വിഭാഗങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. ഹിന്ദിയിലെ ന്യായത്തിന് മലയാളത്തിൽ നീതി എന്ന് പറയാം. ഈ വിഭാഗങ്ങളോടു നീതിപുലർത്തി വോട്ടുപെട്ടി നിറച്ചാൽ അധികാരത്തിൽ തിരിച്ചെത്താമെന്ന് പാർട്ടി പ്രത്യാശിക്കുന്നു.