ജമ്മുവിൽ ബിജെപിക്ക് അണക്കെട്ടും ‘ആയുധം’: ഇന്ത്യയിലെ വെള്ളം കുടിച്ച് പാക്ക് തീവ്രവാദം വളർത്തേണ്ട! ഇത് മോദിയുടെ ‘ഡാം സ്ട്രൈക്ക്’
Mail This Article
‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ രാജ്യതലസ്ഥാനത്ത് കേന്ദ്രജല മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്‌ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖമായി പറഞ്ഞ വാക്കുകൾ. 2016 സെപ്റ്റംബർ 26ന് യോഗത്തിലെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം ഈ വാക്കുകളുടെ അർഥം വേഗത്തിൽ മനസ്സിലായി. കാരണം ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ട് പത്ത് ദിനങ്ങൾ തികയുന്ന ദിവസമാണ് പ്രധാനമന്ത്രി മോദി യോഗം വിളിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തതോടെ പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി ജലം ഉപയോഗിച്ചാവും എന്ന അഭ്യൂഹം ഉയര്‍ന്നു. 1960ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജല കരാറിൽനിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറും എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഭീകരതയില്ലാത്ത സമാധാന അന്തരീക്ഷത്തിൽ മാത്രമേ കരാറുകൾ പാലിക്കാനാവൂ എന്ന സന്ദേശം യോഗത്തില്‍ കൈക്കൊണ്ടുവെന്ന വാർത്ത പുറത്തുവന്നത് പ്രചാരണത്തിന് ബലം നൽകി. ഡൽഹിയിൽ ഈ യോഗം കഴിഞ്ഞു മൂന്ന് ദിവസങ്ങൾക്കകമായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഉറിയില്‍ ഇന്ത്യയ്‌ക്കേറ്റ മുറിവിനുള്ള മറുപടി അതിർത്തി കടന്നുള്ള തിരിച്ചടി എന്ന് ലോകം അറിഞ്ഞു. ഇതോടെ കേന്ദ്ര ജല മന്ത്രാലയത്തിലെ ചർച്ചയ്ക്കു നൽകിയ പരിഗണന മാധ്യമങ്ങളടക്കം അവസാനിപ്പിച്ചു. എന്നാൽ 2024 ഫെബ്രുവരി അവസാന വാരം, പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ ജലം ഇന്ത്യ പൂർണമായും തടഞ്ഞു എന്ന റിപ്പോർട്ട് പുറത്തുവന്നു. രവി നദിയിൽ ഇന്ത്യ നിർമിച്ച ഷാഹ്പുർകാണ്ടി അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി എന്ന തലക്കെട്ടിലായിരുന്നു ആ റിപ്പോർട്ട്. പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് കേന്ദ്രം ഇടപെട്ട് പുതുവേഗം നൽകിയതോടെയാണ് ഇത് സാധ്യമായതെന്നും അവകാശവാദമുയർന്നു. ഈ അണക്കെട്ടിന്റെ നിർമാണം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലും ബിജെപി ആയുധമാക്കി.