‘ആ സിനിമകള്‍ക്കായി ഇറക്കുന്നത് ‘ടൺ കണക്കിന്’ പണം: ഷഹലയും കനയ്യയും മാത്രമല്ല ജെഎൻയുവിലെ ഇടതുപക്ഷം’
Mail This Article
‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു രാജ്യത്തെ പിളർത്താനാവുമോ’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ജെഎൻയു എന്ന സിനിമയുടെ പ്രഖ്യാപനം. പക്ഷേ സിനിമയിലെ ‘ജെഎൻയു’വിന് നൽകിയ മുഴുവൻ പേര് ‘ജഹാംഗിർ നാഷനൽ യൂണിവേഴ്സിറ്റി’ എന്നായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയനിലേക്ക് തിരഞ്ഞെടുപ്പു നടന്നു. ആ ക്യാംപസിലെ യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയതെന്ന് പിന്നാമ്പുറ സംസാരമുണ്ടെങ്കിലും, ജെഎൻയുവിൽ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരും ഒരേസ്വരത്തിൽ അതിനെ എതിര്‍ക്കും. ആ ക്യാംപസിന്റെ ചുമരുകളിൽ ആ ശബ്ദം പ്രതിധ്വനിക്കും. അതാണ് ജെഎൻയു. ഇത്തവണ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ സെൻട്രൽ പാനലിലുള്ള നാല് സീറ്റുകളിലും എബിവിപിയെ പൂർണമായും തൂത്തെറിഞ്ഞ് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ പാർട്ടികൾ ഭരണം നേടിയത്. നാല് വർഷത്തെ നീണ്ട കാലയളവിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രം കുറിച്ചത് ഭൂരിപക്ഷത്തിനപ്പുറം നിലപാടുകളിലെ കടുംപിടിത്തങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയുമായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായി ഒരു ദലിത് വിദ്യാർഥി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു- ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ അംഗം ധനഞ്ജയ് സങ്വാരി.